അരൂർ ഉയരപ്പാത ദുരന്തം: നഷ്ടപരിഹാരത്തിൽ ഉറപ്പ് ആവശ്യപ്പെട്ട് പിക്കപ്പ് ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം
ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച പിക് അപ് വാൻ ഡ്രൈവർ രാജേഷിന്റെ മൃതദേഹം നഷ്ടപരിഹാര വിഷയത്തിൽ തീർപ്പുണ്ടാകാതെ ഏറ്റെടുക്കില്ലെന്ന് കുടുംബം. ആലപ്പുഴ ചന്തിരൂരിൽ പുലർച്ചെ രണ്ടരയോടെയാണ് നിർമ്മാണത്തിലിരുന്ന ഉയരപ്പാതയുടെ രണ്ട് ഗർഡറുകൾ പിക്കപ്പ് വാനിന് മുകളിലേക്ക് വീണ് അപകടമുണ്ടായത്. മുട്ട കൊണ്ടുപോവുകയായിരുന്ന വാഹനത്തിൻ്റെ ഡ്രൈവറാണ് ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ രാജേഷ്. അപകടത്തിൽ രാജേഷ് തൽക്ഷണം മരിച്ചു.
രാജേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നഷ്ടപരിഹാര കാര്യത്തിൽ അന്തിമതീരുമാനം ആകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബവും സുഹൃത്തുക്കളും. രാജേഷ് മാത്രമായിരുന്നു കുടുംബത്തിൻ്റെ ഏക ആശ്രയം. രാജേഷിന് ഭാര്യ ശൈലജയും രണ്ട് കുട്ടികളുമുണ്ട്. ഇളയ മകൾ കൃഷ്ണ വേണി ജന്മനാ പ്രമേഹരോഗിയാണ്. മകനായ ജിഷ്ണു രാജ് ഡിഗ്രി വിദ്യാർത്ഥിയാണ്. കുട്ടികളുടെ തുടർചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി വലിയ തുക ആവശ്യമുണ്ട്.
”ഇളയ കുട്ടിക്ക് ഡയബറ്റിക് ആണ്, ചികിത്സയ്ക്ക് വലിയ തുക വേണം. ആശ്രിതർക്ക് മതിയായ സഹായം ഉറപ്പാക്കണം. ഇതിൽ ഒരു തീരുമാനം ആയ ശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂ. നാളത്തെ ദിവസം മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാവരുത്,” രാജേഷിന്റെ സുഹൃത്ത് പ്രതികരിച്ചു. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും സർക്കാരിൽ നിന്ന് ആരും കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു.
അതേസമയം, അരൂരിലെ ദേശീയപാത നിർമ്മാണത്തിനിടെയുണ്ടായ അപകടം അതീവ ഗൗരവമുള്ള വിഷയമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.