റെക്കോര്‍ഡ് തിരുത്തി മൈഥിലി താക്കൂര്‍; ബിഹാറിന്റെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍.ഡി.എ വന്‍ വിജയം ഉറപ്പിച്ചപ്പോള്‍, സംസ്ഥാന രാഷ്ട്രീയം ഒരു യുവതാരത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. നാടോടിപ്പാട്ട് ഗായികയായ മൈഥിലി താക്കൂര്‍ ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രം കുറിച്ചു. അലിനഗര്‍ മണ്ഡലത്തിലാണ് ആര്‍.ജെ.ഡിയുടെ കരുത്തനായ ബിനോദ് മിശ്രയെ പരാജയപ്പെടുത്തി 25കാരി കന്നിയങ്കത്തില്‍ തന്നെ ഡറെക്കോര്‍ഡ് കുറിച്ചത്.
ഈ വര്‍ഷം ജൂലൈ 25-ന് 25 വയസ്സ് തികഞ്ഞ മൈഥിലി, ബിഹാര്‍ നിയമസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാകും. മുമ്പ് 2005ല്‍ തൗസീഫ് ആലം (26ാം വയസ്സില്‍), 2015-ല്‍ തേജസ്വി യാദവ് (26ാം വയസ്സില്‍) എന്നിവര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് മൈഥിലി ഇപ്പോള്‍ മറികടന്നിരിക്കുന്നത്.
മൈഥിലിയുടെ വിജയം അലിനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് ഒരു ചരിത്ര നേട്ടമാണ്. വലിയ മുസ്‌ലിം ജനസംഖ്യയുള്ള അലിനഗര്‍ സീറ്റില്‍ ആദ്യമായാണ് ബി.ജെ.പി വിജയിക്കുന്നത്. വര്‍ഷങ്ങളായി മഹാസഖ്യത്തിന്റെ ശക്തികേന്ദ്രമാണ് ഈ മണ്ഡലം.
ശാസ്ത്രീയ സംഗീതത്തിലും ഭക്തിഗാനങ്ങളിലും പരിശീലനം നേടിയ മൈഥിലി, ‘റൈസിങ്് സ്റ്റാര്‍’ പോലുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധേയയായത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അലിനഗറിനെ സീതാനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു.