13/06/2026
[fontresizer_tawhidurrahmandear_widget]

‘നേരിട്ട് കണ്ടാൽ രാഹുൽ ഗാന്ധിയെ സാധാരണയായി കെട്ടിപ്പിടിക്കാറില്ല, പക്ഷെ മോദിയെ കെട്ടിപ്പിടിച്ച ചിത്രം കണ്ടു’; വിമർശനവുമായി പിണറായി വിജയൻ

 ‘നേരിട്ട് കണ്ടാൽ രാഹുൽ ഗാന്ധിയെ സാധാരണയായി കെട്ടിപ്പിടിക്കാറില്ല, പക്ഷെ മോദിയെ കെട്ടിപ്പിടിച്ച ചിത്രം കണ്ടു’; വിമർശനവുമായി പിണറായി വിജയൻ

കോഴിക്കോട്: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ പല പ്രവർത്തികളും ബിജെപിക്ക് സഹായകരമാകുന്ന നിലയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

നേരിട്ട് കണ്ടാൽ രാഹുൽ ഗാന്ധിയെ സാധാരണയായി ആരും കെട്ടിപ്പിടിക്കാറില്ലെന്നും കൈകൊടുക്കുകയോ വണങ്ങുകയോ ആണ് പതിവെന്നും പറഞ്ഞ അദ്ദേഹം, എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ കണ്ടുവെന്നും കൂട്ടിച്ചേർത്തു. ഇതിൽ തനിക്ക് ആക്ഷേപമില്ലെന്നും എന്നാൽ രാഹുൽ ഗാന്ധി ഇൻഡ്യ വേദിയെ എങ്ങനെയാണ് കാണുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഡ്യ സഖ്യത്തിലെ കോൺഗ്രസ് ഇതര പാർട്ടികളായ അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവർ യോഗത്തിൽ കോൺഗ്രസിനെതിരെ ശബ്ദമുയർത്തിയിരുന്നു. ഡിഎംകെയുടെ നിലപാടും നമ്മൾ കാണുന്നതാണ്. കോൺഗ്രസിന്റെയും രാഹുലിന്റെയും സമീപനം കാരണമാണ് ഈ സ്ഥിതിവിശേഷമുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്തെ നിപ്പ സാഹചര്യം ഗൗരവമായി കൈകാര്യം ചെയ്യുന്നതിൽ സർക്കാരും ആരോഗ്യവകുപ്പും പരാജയപ്പെട്ടുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. മുൻപുണ്ടായിരുന്ന ആരോഗ്യ മന്ത്രിമാർ മെഡിക്കൽ ബിരുദധാരികൾ ആയിരുന്നില്ലെങ്കിലും അവർ നിപ്പയെ നേരിട്ടത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. എന്നാൽ നിലവിലെ ആരോഗ്യ മന്ത്രി ഇതുവരെ കോഴിക്കോട് സന്ദർശിച്ചിട്ടില്ല. മന്ത്രിയുടെ സന്ദർശനം വലിയ ഇടപെടലുണ്ടാക്കുമെന്നും സർക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകൻ കെ.ബി പ്രദീപിനെ ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. വക്കീൽമാർക്ക് നാട്ടിൽ ക്ഷാമമില്ലാതിരുന്നിട്ടും ഈ നിയമനം ദേവസ്വം മന്ത്രി പോലും അറിഞ്ഞില്ലെന്നാണ് പറയുന്നത്. ചിലപ്പോൾ വിസ്മയങ്ങളുടെ ഭാഗമായിരിക്കാം ഇതെന്നും ഈ നിയമനം തിരുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Also read: