മരിയോ ജോസഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ക്രൈസ്തവ സമൂഹത്തിലേക്ക് കടത്തിവിട്ട ട്രോജന്‍ കുതിരയാണെന്ന് ‘കാസ’
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇന്‍ഫളുവന്‍സര്‍ ദമ്പതികലായ മരിയോ ജോസഫും ജിജി മരിയോയും ഉള്‍പ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് തീവ്ര ക്രൈസ്തവ സംഘടനയായ ‘കാസ’. ഇരുവരെയും ക്രൈസ്തവ സമൂഹം പൂര്‍ണമായും തള്ളിക്കളയണമെന്ന് കാസ ആവശ്യപ്പെട്ടു. മരിയോ ജോസഫ് എന്ന സുലൈമാന്‍ തുര്‍ക്കി പൊളിറ്റിക്കല്‍ ഇസ്‌ലാം ക്രൈസ്തവ സമൂഹത്തിലേക്ക് കടത്തിവിട്ട ട്രോജന്‍ കുതിരയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചു.
ദമ്പതികളുടെ ‘ഫിലോകാലിയ’ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സാമ്പത്തിക തട്ടിപ്പും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കൈമാറ്റവും നടത്തുന്നുണ്ടെന്നും കാസ ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദമായ കുറിപ്പില്‍ പറയുന്നു. മരിയോ ജോസഫും ഭാര്യ ജിജിയും തമ്മിലുള്ള ഇപ്പോഴത്തെ കലഹത്തിന് കാരണം വ്യക്തിപരമായ പ്രശ്‌നങ്ങളല്ലെന്നും, വിശ്വാസികളുടെ പണമുപയോഗിച്ച് നടത്തിയ ചാരിറ്റി ബിസിനസ്സിന്റെ പേരില്‍ ‘ഫിലോകാലിയ’ ട്രസ്റ്റിലേക്ക് വന്ന കോടിക്കണക്കിന് രൂപയുടെ വിനിയോഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണെന്നും കാസ ആരോപിക്കുന്നു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 100 കോടിയിലധികം രൂപ ട്രസ്റ്റിലേക്ക് എത്തിയിട്ടുണ്ട്.
പ്രളയകാലത്താണ് മരിയോ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്. എളുപ്പത്തില്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിവുള്ള മരിയോയും ജിജിയും പ്രഭാഷണങ്ങളിലൂടെയും മോട്ടിവേഷന്‍ സ്പീക്കുകളിലൂടെയും ചാരിറ്റിക്കായി പണം സ്വരൂപിച്ചു. ചാരിറ്റിയിലൂടെ ലഭിച്ച പണം എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ വഴി അല്ലാതെ സ്വകാര്യ അക്കൗണ്ടുകള്‍ വഴി സ്വീകരിച്ച് അതിന്റെ ഒരു ചെറിയ ഭാഗം മാത്രം ചാരിറ്റിക്ക് ഉപയോഗിച്ച് ബാക്കി സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നും കാസ ആരോപിക്കുന്നു.
ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചുവെന്ന് അവകാശപ്പെടുന്ന മരിയോ ജോസഫിനെ (സുലൈമാന്‍ തുര്‍ക്കി) ധ്യാനകേന്ദ്രം മുതലാളിമാര്‍ തങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വളര്‍ത്തിയെടുത്തതാണെന്നും ആരോപണമുണ്ട്. ക്രിസ്തുമതത്തിന്റെ മഹത്വം പ്രസംഗിക്കുന്നതിന് പകരം, ‘ഇസ്ലാമും ശരി, ക്രിസ്തുമതവും ശരി’ എന്ന രീതിയില്‍ ഇസ്ലാമിനെ ക്രൈസ്തവ മനസ്സുകളില്‍ ‘സഹോദര മതമായി’ അടിച്ചേല്‍പ്പിക്കാന്‍ മരിയോ ബോധപൂര്‍വം ശ്രമിച്ചു. ഇതിന് ചില വൈദികരുടെ സഹായം ലഭിച്ചു. തന്നെ വളര്‍ത്തിയവരെ തള്ളിപ്പറഞ്ഞ് മരിയോ സ്വന്തമായി ഒരു സമാന്തര സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയായിരുന്നുവെന്നും കാസ ആരോപിച്ചു.
മരിയോയുടെ തട്ടിപ്പും തീവ്രവാദ ബന്ധവും ഭാര്യ തന്നെ തുറന്നു പറഞ്ഞിട്ടും അദ്ദേഹത്തെ തള്ളിക്കളയാതെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പില്‍ സഭാ നേതൃത്വങ്ങള്‍ ഉത്തരം പറയേണ്ടി വരുമെന്നും കാസ മുന്നറിയിപ്പ് നല്‍കുന്നു. ദമ്പതികളെ പൂര്‍ണ്ണമായും തള്ളിക്കളയാനും ആര്‍ക്കും പണം അയക്കരുതെന്നും സംഘടന വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.