‘കോണ്‍ഗ്രസ് ഇപ്പോള്‍ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് ആയി; ഒരു പിളര്‍പ്പ് കൂടി വരാനിരിക്കുന്നു’; കടന്നാക്രമിച്ച് മോദി
ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ ‘മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്’ എന്ന് വിശേഷിപ്പിച്ച മോദി, അവരുടെ ‘നെഗറ്റീവ് അജണ്ട’ കാരണം പാർട്ടിയിൽ വലിയ പിളർപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോപിച്ചു.
ബിഹാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ മികച്ച വിജയത്തിന് ശേഷം ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാഹുൽ ഗാന്ധി സ്വയം മുങ്ങിത്താഴാനും ഒപ്പം മറ്റുള്ളവരെ മുക്കാനും ശ്രമിച്ചുവെന്ന് മോദി പരിഹസിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെഗുസരായിലെ ഒരു കുളത്തിൽ രാഹുൽ ഗാന്ധി കുളിക്കാനിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
കോൺഗ്രസിന്റെ സഖ്യകക്ഷികൾക്ക് പ്രധാനമന്ത്രി മുന്നറിയിപ്പും നൽകി. കോൺഗ്രസ് അവരുടെ സഖ്യകക്ഷികളുടെ വോട്ട് ബാങ്കിനെ വിഴുങ്ങുകയാണ്. ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രവർത്തനരീതി സഖ്യകക്ഷികൾക്ക് ദോഷകരമായി ഭവിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോൺഗ്രസ് ഇപ്പോള്‍ ‘മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്’ ആയി മാറിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾക്ക് ഈ നിലപാടിനോട് യോജിപ്പില്ലെന്നും വ്യക്തമാക്കി.