‘നിരന്തരം ജാമ്യവ്യവസ്ഥ ലംഘിക്കുന്നു’ ഷാജന് സ്കറിയയ്ക്കെതിരെ കടുപ്പിച്ച് കോടതി; നേരിട്ട് ഹാജരാകാന്‍ കര്‍ശന നിര്‍ദേശം
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ‘മറുനാടന്‍ മലയാളി’ യൂട്യൂബ് ചാനല്‍ ഉടമ ഷാജന് സ്കറിയയോട് കടുപ്പിച്ച് കോടതി. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. തന്റെ വീഡിയോകളിലൂടെ സ്ത്രീകളെ അങ്ങേയറ്റം മോശമായ ഭാഷയില്‍ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഒരു യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കര്‍ശന നിര്‍ദേശം.
ഷാജന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാജന് സ്കറിയയുടെ അഭിഭാഷകര്‍ നല്കിയ അപേക്ഷ കോടതി തള്ളുകയായിരുന്നു. ഷാന്‍ നേരിട്ട് ഹാജരാകേണ്ടത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.
തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജന് സ്കറിയക്ക് നേരത്തെ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും, സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജാമ്യവ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചതായി പരാതിക്കാരി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍, ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.