അനീഷ് ജോർജിൻ്റെ മരണം; ബിഎൽഒമാർ ഇന്ന് ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും
പയ്യന്നൂർ: വോട്ടർ പട്ടിക തീവ്ര പരിശോധനയുമായി (എസ്ഐആർ) ബന്ധപ്പെട്ട കടുത്ത ജോലി സമ്മർദ്ദത്തെ തുടർന്ന് കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. മരിച്ച അനീഷ് ജോർജിന് നീതി തേടി, സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്‌കരിക്കും.
പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ ആയി പ്രവർത്തിച്ചിരുന്ന അനീഷിനെ ഞായറാഴ്ച രാവിലെയാണ് ഏറ്റുകുടുക്കയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ കൂടിയാണ് അനീഷ്.
എസ്.ഐ.ആർ ഫോം വിതരണവുമായി ബന്ധപ്പെട്ട് അനീഷ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. നേരത്തെ തന്നെ ചെയ്യാൻ പറ്റാത്ത ജോലിയാണെന്ന് അനീഷ് മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും സമ്മർദ്ദം തുടരുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
തിരക്കിട്ട വോട്ടർ പട്ടികാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ബിഎൽഒമാർക്ക് മനുഷ്യസാധ്യമല്ലാത്ത ലക്ഷ്യങ്ങളാണ് നൽകുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ടാർജെറ്റ് പൂർത്തിയാക്കാൻ നിർബന്ധിക്കുന്നത് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് സംയുക്ത സമരസമിതി ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും ഇതോടൊപ്പം നിർവഹിക്കേണ്ടി വന്നത് സമ്മർദ്ദം വർദ്ധിപ്പിച്ചു എന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.
ജോലി ബഹിഷ്‌കരണത്തിന് പുറമെ, ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, അനീഷിന് ജോലി സംബന്ധമായ സമ്മർദ്ദമുണ്ടായിരുന്നില്ലെന്ന് കണ്ണൂർ കളക്ടർ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. വിതരണം ചെയ്യാനുണ്ടായിരുന്ന 1065 ഫോമുകളിൽ 825 എണ്ണവും അനീഷ് പൂർത്തിയാക്കിയിരുന്നു എന്നും, ബാക്കിയുള്ളത് വിതരണം ചെയ്തിട്ടും പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാത്തതിനാലാണ് പൂർത്തിയാക്കാനുണ്ടെന്ന് തോന്നിയതെന്നും കളക്ടർ വിശദീകരിച്ചു.