ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്കെതിരെ വ്യാജവാര്‍ത്ത; പാക് ചാനല്‍ ‘ജിയോ ന്യൂസി’ന്റെ കള്ളം പൊളിച്ച് ഫ്രഞ്ച് നാവികസേന
പാരിസ്: ഓപറേഷന്‍ സിന്ദൂറില്‍ പാക് വാര്‍ത്താ ചാനലിനെതിരെ ഫ്രഞ്ച് സേന. വാര്‍ത്താ ചാനലായ ജിയോ ന്യൂസും അവതാരന്‍ ഹമീദ് മിറും ഇന്ത്യയ്‌ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഫ്രഞ്ച് നാവികസേന തുറന്നടിച്ചു. കഴിഞ്ഞ ദിവസം പരിപാടിയില്‍ മുതിര്‍ന്ന ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥന്‍ പാകിസ്ഥാന്‍ വ്യോമസേനയെ ഇന്ത്യന്‍ വ്യോമസേനയെക്കാള്‍ മികച്ചതാണെന്ന് വിശേഷിപ്പിച്ചതായും റാഫേല്‍ യുദ്ധവിമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായുമുള്ള ചാനലിന്റെയും അവതാരകന്റെ അവകാശിവാദങ്ങള്‍ തള്ളിയാണ് ഫ്രാന്‍സിന്റെ ഔദ്യോഗിക വിശദീകരണം വരുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള യുദ്ധം പാക്സ്ഥാന്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതായി ഫ്രഞ്ച് നാവിക കമാന്‍ഡര്‍ സമ്മതിച്ചതായും ഹമീദ് മിറും ജിയോ ന്യൂസും റിപോര്ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന്, ഫ്രഞ്ച് സൈന്യത്തിന്റെ നാവിക വിഭാഗമായ മറൈന്‍ നാഷണല്‍, ജിയോ ന്യൂസ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ വിമര്‍ശിച്ച് രംഗത്ത് വരികയായിരുന്നു. പരിപാടിയില്‍ തങ്ങളുടെ നാവിക കമാന്‍ഡര്‍ വിഷയത്തില്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് ഫ്രഞ്ച് നാവികസേന അറിയിച്ചു.
പാകിസ്ഥാന്‍ വാര്‍ത്താ ചാനല്‍ വ്യാജ വാര്‍ത്തകള്‍ റിപോര്‍ട് ചെയ്തതായി ഫ്രഞ്ച് നാവികസേന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വ്യാജ വാര്‍ത്തയിലുള്ള പ്രസ്താവനകള്‍ ക്യാപ്റ്റന്‍ ലോണെയുടേതാണ്. എന്നാല്‍ അദ്ദേഹം ഒരു ചാനലിനും അനുമതി നല്‍കിയിട്ടില്ലെന്ന് ഫ്രഞ്ച് നാവികസേന അറിയിച്ചു.
ഇന്ത്യപാക് സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ വ്യോമസേന ഫ്രഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങളെ വെടിവച്ചുവീഴ്ത്തിയെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഫ്രഞ്ച് നാവികസേനയായ മറൈന്‍ നാഷണലെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തള്ളിക്കളഞ്ഞിരിക്കുകയാണ്.
പാകിസ്ഥാന്റെ ചൈനീസ് നിര്‍മ്മിത ജെ10സി യുദ്ധവിമാനങ്ങളുടെ സാങ്കേതിക മികവല്ല, മറിച്ച് മികച്ച യുദ്ധ തന്ത്രമാണ് വിജയത്തിന് കാരണമെന്ന് ഫ്രഞ്ച് കമാന്‍ഡര്‍ പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പാകിസ്ഥാനില്‍ വൈറലായിരുന്നു. എന്നാല്‍, ഫ്രഞ്ച് ഉദ്യോഗസ്ഥരു പേരില്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത് ഇപ്പോള്‍ ഫ്രാന്‍സ് തന്നെ കൈയോടെ പിടികൂടിയിരിക്കുകയാണ്.