ഗസ്സ വെടിനിര്‍ത്തല്‍: ഹമാസ് നേതാക്കളുമായി യുഎസ് വീണ്ടും ചര്‍ച്ചയ്ക്ക്; വിറ്റ്‌കോഫ് ഇസ്താംബൂളില്‍
ടർക്കി: ഗസ്സയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ നിലനിര്‍ത്താനും ഭാവി കരാറുകള്‍ ഉറപ്പാക്കാനുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വീണ്ടും ഹമാസ് നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നു. ഇന്ന് ഇസ്താംബൂളില്‍ ഖലീല്‍ അല്‍ഹയ്യയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഹമാസ് സംഘവുമായി വിറ്റ്‌കോഫ് ചര്‍ച്ച നടത്തുമെന്ന് അറബ് നയതന്ത്രവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. യുഎസ് ആവശ്യപ്പെടുന്ന ഹമാസ് നിരായുധീകരണം ഈ യോഗത്തില്‍ വീണ്ടും ഉന്നയിക്കാനാണ് സാധ്യത.
ഇത് വിറ്റ്‌കോഫിന്റെയും ഹയ്യയുടെയും രണ്ടാമത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ്. ഒക്ടോബര്‍ 9 ന് ഈജിപ്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമമാക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് വിറ്റ്‌കോഫും ട്രംപിന്റെ ഉപദേഷ്ടാവ് ജാരെദ് കുഷ്‌നറും ഹമാസ് നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ച നിര്‍ണായകമായിരുന്നു. കരാറിന്റെ നിബന്ധനകളില്‍ ഹമാസ് ഉറച്ചുനില്‍ക്കുന്നിടത്തോളം അമേരിക്കയും ഇസ്രയേലും അത് പാലിക്കുമെന്ന് ട്രംപിന്റെ ഉപദേഷ്ടാക്കള്‍ അന്നത്തെ യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു.
കൂടിക്കാഴ്ചക്കിടെ ഹമാസ് നേതാവ് ഹയ്യയുമായുള്ള വ്യക്തിപരമായ സംഭാഷണങ്ങൾ വിറ്റ്‌കോഫ് ഓർത്തെടുത്തു. സ്വന്തം മകൻ ഓപിയോയിഡ് മരുന്നിന്‍റെ അമിത ഉപയോഗം മൂലം മരിച്ചതും ഹയ്യയുടെ മകൻ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതും ചർച്ചകളിൽ വിഷയമായി. നഷ്ടപ്പെട്ട മക്കളെക്കുറിച്ചുള്ള സംഭാഷണം ഇരുനേതാക്കൾക്കിടയിലും മാനുഷികമായ ബന്ധം സ്ഥാപിക്കാന്‍ സഹായിച്ചതായി കുഷ്‌നർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
യുഎസും ഹമാസും തമ്മിലുള്ള ഈ രഹസ്യ ചർച്ചകൾ പുറത്തുവന്നത് ഇസ്രയേൽ പക്ഷത്ത് ആശങ്കകൾക്ക് വഴിവെച്ചിരുന്നു. ഈ വിവരങ്ങൾ മാധ്യമങ്ങളിലൂടെ ചോർന്നതോടെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള വിശ്വാസം തകരുകയും തുടർന്ന് സംഘർഷം വർധിക്കുകയും ചെയ്തു. എങ്കിലും, വെടിനിർത്തൽ ഉറപ്പിക്കാനും ബന്ദിമോചനം സാധ്യമാക്കാനുമുള്ള ശ്രമങ്ങൾ വിറ്റ്‌കോഫ് തുടരുന്നുണ്ട്.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഹമാസ് സൈനികരെ നിരായുധീകരിക്കാനും സുരക്ഷിതമായ മൂന്നാമത്തെ രാജ്യത്തേക്ക് മാറ്റുന്നതിനുമുള്ള യുഎസ് നിര്‍ദേശം വീണ്ടും ഉയര്‍ന്നേക്കാം. ഗസ്സ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ട്രംപിന്റെ 20 ഇന പദ്ധതിയുടെ ഭാഗമായാണ് ഈ ഡീകമ്മീഷനിങ് പദ്ധതി രൂപപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇസ്രയേലും ഹമാസും ഇതുവരെ അതില്‍ ഒപ്പുവച്ചിട്ടില്ല.
ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിനുശേഷം റഫായ്ക്കടുത്തുള്ള തുരങ്കങ്ങളിലുള്ള 100–200 ഹമാസ് സൈനികരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനെ കുറിച്ചും വിറ്റ്‌കോഫ് ഇസ്രയേലുമായി ചര്‍ച്ച നടത്തുന്നുണ്ട്. ആയുധങ്ങള്‍ കൈമാറുകയോ മറ്റൊരു രാജ്യത്തിലേക്ക് പോകുകയോ ചെയ്യേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍, ഈ വിഷയത്തില്‍ ഇന്നത്തെ യോഗം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.