27/01/2026

‘ബ്രസീലിയന്‍ മോഡലിന്റെ ചിത്രം മൂന്ന് വോട്ടര്‍ ഐഡികളില്‍ കണ്ടു’; രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ വെളിപ്പെടുത്തല്‍ ശരിവച്ച് ബിഎല്‍ഒ

 ‘ബ്രസീലിയന്‍ മോഡലിന്റെ ചിത്രം മൂന്ന് വോട്ടര്‍ ഐഡികളില്‍ കണ്ടു’; രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ വെളിപ്പെടുത്തല്‍ ശരിവച്ച് ബിഎല്‍ഒ

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പോളിങ്് ഉദ്യോഗസ്ഥയുടെ മൊഴി. മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡുകളില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം കണ്ടതായി ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു. മൂന്ന് വോട്ടര്‍ ഐഡികളെങ്കിലും ഇത്തരത്തില്‍ കണ്ടതായാണു വെളിപ്പെടുത്തല്‍.

റായ് നിയമസഭാ മണ്ഡലത്തിലെ ഒരു ബിഎല്‍ഒയാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം താന്‍ മൂന്ന് തവണ സര്‍വേക്കിടെ കണ്ടതായി സ്ഥിരീകരിച്ചത്. യഥാര്‍ത്ഥ ഫോട്ടോകള്‍ നല്‍കിയ വോട്ടര്‍മാരുടെ പിശകുകള്‍ തിരുത്തിയതായും, എന്നാല്‍ ബന്ധപ്പെടാന്‍ കഴിയാത്തവരുടെ കാര്‍ഡുകളില്‍ പിശക് തുടരുന്നുണ്ടെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി. വോട്ടര്‍മാര്‍ വ്യാജമാണോ എന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2024ലെ ഹരിയാന തെരഞ്ഞെടുപ്പില്‍ വന്‍തോതിലുള്ള വോട്ടര്‍ തട്ടിപ്പ് നടന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മുഖ്യ ആരോപണം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ചുവെന്നും, കോണ്‍ഗ്രസിന്റെ വിജയം അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഏകദേശം 25 ലക്ഷം വ്യാജ വോട്ടുകള്‍ രേഖപ്പെടുത്തിയെന്നും സംസ്ഥാനത്തെ എട്ടില്‍ ഒരു വോട്ടര്‍ വ്യാജനാണെന്നും ആരോപണമുണ്ടായിരുന്നു. ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള വോട്ടര്‍ ഐഡികളില്‍, വിവിധ പേരുകളിലായി പത്തോളം ബൂത്തുകളില്‍ വോട്ട് ചെയ്‌തെന്നുമുള്ള വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. തന്റെ പക്കല്‍ ഇതിന്റെ നൂറുശതമാനം തെളിവുകളുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞു. വോട്ടര്‍പട്ടികകള്‍ക്കെതിരെ അപ്പീലുകളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Also read: