27/01/2026

ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ മഞ്ഞുരുകുന്നു; സമഗ്ര സാമ്പത്തിക പങ്കാളിത്ത ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ധാരണ: ലക്ഷ്യം 50 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം

 ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ മഞ്ഞുരുകുന്നു; സമഗ്ര സാമ്പത്തിക പങ്കാളിത്ത ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ധാരണ: ലക്ഷ്യം 50 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം

ജോഹന്നാസ്ബര്‍ഗ്: സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യയും കാനഡയും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ പുതിയ സൂചനയാണിത്.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തീരുമാനിച്ചതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ഉഭയകക്ഷി ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും സ്വാഗതം ചെയ്തതായും വ്യാപാരം, നിക്ഷേപം , സാങ്കേതികവിദ്യ, നവീകരണം, ഊര്‍ജ്ജം, വിദ്യാഭ്യാസം, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുമെന്നും ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് വിഭാഗം എക്‌സ് പോസ്റ്റില്‍ കുറിച്ചു.

2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 50 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് കരാര്‍ ലക്ഷ്യമിടുന്നത്. സിവില്‍ ആണവോര്‍ജ്ജത്തിലെ ദീര്‍ഘകാല സഹകരണം തുടരണമെന്ന് ഇന്ത്യയും കാനഡയും ആവര്‍ത്തിച്ചു. യുറേനിയം വിതരണ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നത് ഉള്‍പ്പെടെ സഹകരണം വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതായി ഇരു രാജ്യങ്ങളും അംഗീകരിച്ചു.

സിഇപിഎയ്ക്ക് പുറമേ, നിര്‍ണായക സാങ്കേതികവിദ്യകള്‍, ആണവോര്‍ജം, വിതരണ ശൃംഖല വൈവിധ്യവല്‍ക്കരണം, എഐ എന്നിവയില്‍ ത്രികക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്ന ഓസ്‌ട്രേലിയ-കാനഡ-ഇന്ത്യ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ (എസിഐടിഐ) പങ്കാളിത്തം സ്വീകരിക്കുന്നതിനെ രാജ്യങ്ങളുടെ നേതാക്കള്‍ സ്വാഗതം ചെയ്തു.

2026 ഫെബ്രുവരിയില്‍ ഇന്ത്യ എഐ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന് പ്രധാനമന്ത്രി കാര്‍ണി പൂര്‍ണ്ണ പിന്തുണ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സമ്പദ്‌വ്യവസ്ഥകളിലൊന്നിലേക്ക് മികച്ച വ്യാപാര ബന്ധം സ്ഥാപിക്കേണ്ടത് പ്രധാനമാണെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് കാര്‍ണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രിയെ മോദി ഇന്ത്യ സന്ദര്‍ശിക്കാനായി ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷങ്ങളിലെ മഞ്ഞുരുകുന്നതായാണ് വിലയിരുത്തല്‍. കാനഡയും ഇന്ത്യയും മുമ്പ് വ്യാപാര കരാര്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ 2023 ല്‍ ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് നയതന്ത്ര സംഘര്‍ഷങ്ങളില്‍ വിള്ളല്‍ വീണിരുന്നു.

നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍ അവകാശവാദങ്ങള്‍ അസംബന്ധവും പ്രേരിതവുമാണെന്ന് ഇന്ത്യ തള്ളിക്കളയുകയായിരുന്നു. മാര്‍ച്ചില്‍ മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായതോടെ ഇരു രാജ്യങ്ങളുടെയും ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അതേസമയം, ഇരു രാജ്യങ്ങളും പുതിയ അംബാസഡര്‍മാരെ നിയമിക്കാനൊരുങ്ങുകയാണ്.

Also read: