എസ്ബിഐ ശാഖയിലേക്കു കയറാന്‍ ഏണി; കൈപിടിച്ചു കയറ്റാന്‍ ജീവനക്കാര്‍, ഒഡീഷയിലെ ‘ഹൈ ടെക്’ ദൃശ്യങ്ങള്‍ വൈറല്‍
ഭുവനേശ്വർ: ഒഡീഷയില്‍ എസ്ബിഐ ശാഖയിലേക്ക് പ്രവേശിക്കാൻ ഉപഭോക്താക്കളും ജീവനക്കാരും ഗോവണി കയറുന്ന ദൃശ്യങ്ങള്‍ ദേശീയതലത്തിൽ വൈറലായിരിക്കുകയാണ്. ഭദ്രക് ജില്ലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണു സംഭവം. ബാങ്കിന്റെ പ്രവേശന കവാടം പൊളിച്ചുമാറ്റിയതിനെ തുടർന്ന്, ആളുകൾ ട്രാക്ടറിൽ സ്ഥാപിച്ച ഗോവണി ഉപയോഗിച്ചാണ് കെട്ടിടത്തിലേക്ക് കയറുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.
ജില്ലാ ഭരണകൂടം നടത്തിയ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിലാണ് എസ്ബിഐയ്ക്ക് ഇത്തരമൊരു പണികിട്ടിയത്. ചരംപ മാർക്കറ്റ് മുതൽ ഭദ്രക് റെയിൽവേ സ്റ്റേഷൻ വരെയുള്ള അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് എസ്ബിഐ ബ്രാഞ്ച് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയത്.
കെട്ടിടം കൈയേറ്റ ഭൂമിയിലാണ് നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ബ്രാഞ്ചിൻ്റെ മുൻഭാഗവും പടിക്കെട്ടും പൂർണമായും തകർക്കുകയായിരുന്നു. ഇതോടെ കെട്ടിടത്തിലേക്ക് ശരിയായ പ്രവേശന മാർഗം ഇല്ലാതായി. കൈയേറ്റത്തെക്കുറിച്ച് ബാങ്കിനും വീട്ടുടമസ്ഥനും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ പ്രവേശനപ്രശ്നം നേരിടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. ‘ഇന്ത്യ തുടക്കക്കാർക്കുള്ളതല്ല’ എന്ന കമന്റായിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. “കള്ളനെ തടയാൻ രൂപകൽപ്പന ചെയ്ത ബാങ്കിനെപ്പോലെ തോന്നുന്നു”-ഇങ്ങനെ പോകുന്നു വിഡിയോയ്ക്കു താഴെയുള്ള രസകരമായ കമന്‍റുകള്‍. മോദിയുടെ ഡിജിറ്റൽ ഇന്ത്യയില്‍ ഒരു പ്രധാന പൊതുമേഖലാ ബാങ്കിന്‍റെ സ്ഥതിയാണിതെന്നു ചിലര്‍ പരിഹസിച്ചു.
വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, ജീവനക്കാർക്കും ഉപഭോക്താക്കൾക്കും സൗകര്യമൊരുക്കുന്നതിനായി ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഉടമ സ്റ്റീൽ പടിക്കെട്ട് സ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്. ഇതോടെ, താൽക്കാലികമായെങ്കിലും ശാഖയിലെ പ്രവേശനപ്രതിസന്ധിക്ക് പരിഹാരമായി.