ബിഹാർ പോളിങ് അവസാനിച്ചതിന് പിന്നാലെ കോൺഗ്രസ് വിട്ട് മുതിർന്ന നേതാവ് ഷക്കീൽ അഹ്മദ്
പട്ന: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. പാർട്ടിയിലെ ചില ഉന്നതരുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയാക്കി മണിക്കൂറുകൾക്കകമാണ് രാജി സമർപ്പിച്ചത്.
താൻ ഈ തീരുമാനം അതിയായ വേദനയോടെയാണ് എടുക്കുന്നതെന്നും, താൻ കാരണം പാർട്ടിക്ക് ഒരു വോട്ട് പോലും നഷ്ടപ്പെടരുത് എന്ന നിർബന്ധമുള്ളതിനാലാണ് പോളിങ് അവസാനിക്കുന്നതുവരെ കാത്തിരുന്നതെന്നും അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കയച്ച കത്തിൽ വ്യക്തമാക്കി. ഷക്കീൽ അഹമ്മദ് ബിഹാറിൽ മുൻ ആരോഗ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, നിലവിൽ മറ്റൊരു പാർട്ടിയിലോ സംഘടനയിലോ ചേരാൻ താൽപ്പര്യമില്ലെന്ന് ഷക്കീൽ അഹമ്മദ് അറിയിച്ചു. പൂർവികരെപ്പോലെ കോൺഗ്രസിൻ്റെ അടിസ്ഥാന നയങ്ങളിലും ആദർശങ്ങളിലും തനിക്ക് പൂർണ വിശ്വാസമുണ്ട്. തൻ്റെ അവസാന വോട്ടും കോൺഗ്രസിന് തന്നെയായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മൻമോഹൻ സിംഗ് സർക്കാരിൽ ആഭ്യന്തര, വാർത്താവിനിമയ സഹമന്ത്രിയായും പാർലമെന്റ് അംഗമായും ഇദ്ദേഹം വളരെക്കാലം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.