‘വൈകിയേ വരികയുള്ളൂവെന്ന് ഭാര്യയോടു പറഞ്ഞു; വൈകീട്ട് കോഴിക്കോട് ബീച്ചില്‍ കണ്ടു’; മാമി തിരോധാനക്കേസില്‍ ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്
കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ മുഹമ്മദ് (56) എന്ന മാമിയുടെ തിരോധാനക്കേസ് ആദ്യമായി അന്വേഷിച്ച ലോക്കല്‍ പോലീസ് സംഘത്തിന് തെളിവുശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായി പൊലീസ് റിപ്പോര്‍ട്ട്. 2023 ഓഗസ്റ്റ് 21നാണ് മാമി അവസാനമായി വീട്ടില്‍നിന്നിറങ്ങിയത്. വൈകിയേ വരുകയുള്ളൂവെന്ന് മാമി അന്ന് ഭാര്യയോടു പറഞ്ഞിരുന്നു.
കോഴിക്കോട് ബീച്ചില്‍ മാമി ഉണ്ടായിരുന്നതായി കെട്ടിട ഉടമ നടക്കാവ് പോലീസിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍, മാമിയെ കാണാതാവുന്ന സിഡി ടവറിനു സമീപവും ബീച്ചിലെ കോഫിഷോപ്പിനു സമീപവുമുള്ള രണ്ട് സിസിടിവികള്‍ മാത്രമാണ് പോലീസ് അന്ന് പരിശോധിച്ചിരുന്നത്. എന്നാല്‍ ഇവ രണ്ടും പ്രവര്‍ത്തിക്കുന്നവയായിരുന്നില്ല.
തിരോധാന ദിവസം അരയിടത്തുപാലം മുതല്‍ തലക്കുളത്തൂര്‍ വരെയുള്ള സ്ഥലങ്ങളിലെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇത്രയും ദൂരം മാമി സഞ്ചരിച്ചിട്ടുണ്ടെന്ന് വ്യക്തമായതാണ്. എന്നാല്‍, ഈ ദൂരപരിധിയില്‍ കുറഞ്ഞത് 60 സിസിടിവി ക്യാമറകളെങ്കിലും ഉണ്ടായിരുന്നു. ഇവയില്‍ ഒന്നുപോലും അന്നത്തെ അന്വേഷണസംഘം പരിശോധിച്ചിട്ടില്ല.
കാണാതായി ഒരുവര്‍ഷവും ഒരുമാസവും കഴിഞ്ഞ് 2024 സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയാണ് കോഴിക്കോട് ക്രൈംബ്രാഞ്ചിന് കേസന്വേഷണച്ചുമതല ലഭിക്കുന്നത്. ഈ ഘട്ടത്തിലാണ് അരയിടത്തുപാലം മുതല്‍ തലക്കുളത്തൂര്‍വരെയുള്ള സിസിടിവി ക്യാമറകള്‍ ക്രൈംബ്രാഞ്ചിന് പരിശോധിക്കുന്നത്. അപ്പോഴേക്കും 2023 കാലയളവിലെ ദൃശ്യങ്ങള്‍ മുഴുവന്‍ ഹാര്‍ഡ് ഡിസ്‌കില്‍നിന്ന് നഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ചിന് സ്‌ക്വാഡ് മൂന്നിലെ ഡിവൈഎസ്പി യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്.
കാണാതായതിന്റെ പിറ്റേന്ന് ഉച്ചയ്ക്കുശേഷം മാമിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മാമിയുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ അവസാനമായി ഉണ്ടെന്ന് പോലീസ് പറയുന്ന തലക്കുളത്തൂരില്‍ മാമിക്ക് പരിചയക്കാരമായി ആരുമില്ല. 2023 ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് മാമിയുടെ ഡ്രൈവര്‍ രഞ്ജിത്ത്, വ്യാപാരസുഹൃത്തായ ബിനോജ്, ഭാര്യ എന്നിവരെയാണ് ഫോണ്‍ ചെയ്തത്.
രാത്രി 11.56നാണ് നടക്കാവ് പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയാണ് പരാതി നല്‍കിയത്. കാണാതാവുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 21ന് രാവിലെ 9.30ന് വീട്ടില്‍ നിന്ന് പോയതിന് ശേഷം തിരിച്ചെത്തിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഇരുനൂറുപേരുടെ മൊഴി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് സംഘം എടുത്തിരുന്നു.
അന്വേഷണത്തില്‍ തൃപ്തികരമല്ലെന്ന ആരോപണം മാമിയുടെ കുടുംബം തുടക്കം മുതല്‍ ഉന്നയിച്ചിരുന്നു. പിന്നീടാണ് മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് അന്വേഷണം നടത്തിയത്. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.