01/04/2026
[fontresizer_tawhidurrahmandear_widget]

‘ഒമര്‍ ഷെരീഫി’നെ ‘മമ്മൂട്ടി’യാക്കിയ സുഹൃത്ത്; പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മെഗാസ്റ്റാര്‍

 ‘ഒമര്‍ ഷെരീഫി’നെ ‘മമ്മൂട്ടി’യാക്കിയ സുഹൃത്ത്; പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മെഗാസ്റ്റാര്‍

കൊച്ചി: സ്വന്തം പേരിന് പിന്നിലെ കൗതുകകരമായ കഥ വെളിപ്പെടുത്തി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്നെ ആദ്യമായി ‘മമ്മൂട്ടി’ എന്ന് വിളിച്ചയാളെ താരം ലോകത്തിനു പരിചയപ്പെടുത്തി. മഹാരാജാസ് കോളേജിലെ സുഹൃത്ത് എടവനക്കാട് സ്വദേശി ശശിധരനെ സ്റ്റേജിലേക്ക് ക്ഷണിച്ചായിരുന്നു ആ രഹസ്യം മമ്മൂട്ടി പരസ്യമാക്കിയത്. കൊച്ചിയില്‍ നടന്ന ‘ഹോര്‍ത്തൂസ്’ സാഹിത്യമേളയുടെ ഉദ്ഘാടനത്തിനിടെയാണു കൗതുകമുണര്‍ത്തുന്ന സംഭവം.

ഔദ്യോഗിക നാമം മുഹമ്മദ് കുട്ടി എന്നാണെങ്കിലും, നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്തും ആരാധകര്‍ക്കിടയിലും അദ്ദേഹം അറിയപ്പെടുന്നത് ‘മമ്മൂട്ടി’ എന്ന പേരിലാണ്. എന്നാല്‍, പലരും തന്റെ പേരിന്റെ അവകാശവുമായി പലരും വരുന്നുണ്ട്. അതുകൊണ്ടാണ് അതിനു പിന്നിലെ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്ന് താരം പറഞ്ഞു.

മുഹമ്മദ് കുട്ടി എന്ന പേര് കോളേജ് കാലത്ത് ഒരു അപരിഷ്‌കൃത പേരായി തോന്നിയതിനാലാണ്, താന്‍ മറ്റുള്ളവരോട് ഒമര്‍ ഷെരീഫ് എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്നതെന്ന് മമ്മൂട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് സുഹൃത്തുക്കള്‍ തന്നെ ‘ഒമറേ’ എന്നാണു വിളിച്ചിരുന്നത്. ഒരിക്കല്‍ സംസാരിക്കുന്നതിനിടയില്‍, പോക്കറ്റില്‍ നിന്നും താഴെ വീണ ഐഡന്റിറ്റി കാര്‍ഡില്‍നിന്നാണ് എന്റെ യഥാര്‍ഥ നാമം കൂട്ടുകാര്‍ പിടികൂടിയത്. അന്ന് ശശിധരനാണ് തന്നെ ആദ്യമായി മമ്മൂട്ടി എന്നു വിളിച്ചു തുടങ്ങിയതെന്ന് താരം ഓര്‍ത്തെടുത്തു.

വര്‍ഷങ്ങളോളം ഈ രഹസ്യം താന്‍ ഒളിച്ചുവെച്ചതാണെന്ന് പറഞ്ഞ താരം, തന്നെ മമ്മൂട്ടിയാക്കിയ ഈ സുഹൃത്തിനെ ചേര്‍ത്തുപിടിച്ചു. മഹാനടന്റെ ജീവിതത്തിലെ ഈ അപൂര്‍വ നിമിഷം, സദസ്യര്‍ക്ക് അദ്ദേഹം തന്നെ അഭിനയിച്ച ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിന് സമാനമായ ഹൃദയസ്പര്‍ശിയായ അനുഭവമായും മാറി. നിറഞ്ഞ കൈയ്യടിയോടെയാണ് ഈ അപൂര്‍വ നിമിഷത്തെ സദസ് ഏറ്റെടുത്തത്.

Also read: