27/01/2026

‘മംദാനി ഷോക്കി’ന്പിന്നാലെ വീണ്ടും തിരിച്ചടി ; ട്രംപ് കമ്പനിക്ക് 54.8 മില്യന്‍ ഡോളറിന്റെ നഷ്ടം

 ‘മംദാനി ഷോക്കി’ന്പിന്നാലെ വീണ്ടും തിരിച്ചടി ; ട്രംപ് കമ്പനിക്ക്  54.8 മില്യന്‍ ഡോളറിന്റെ നഷ്ടം

വാഷിംഗ്ടണ്‍ ഡിസി: സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ അലയൊലികള്‍ മാറും മുന്‍പെ, ഡൊണാ‍ള്‍ഡ് ട്രംപിന് തിരിച്ചടിയായി മറ്റൊരു വാര്‍ത്ത വരുന്നു. ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിന്റെ മാതൃകമ്പനിയായ ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പ് (ടിഎംടിജി) ഇക്കഴിഞ്ഞ മൂന്നാം പാദത്തിൽ വൻ സാമ്പത്തിക നഷ്ടമാണ് നേരിട്ടതായാണ് വാര്‍ത്ത. ഏകദേശം 500 കോടിയോളം രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 19.2 മില്യൺ ഡോളറിന്‍റെ നഷ്ടത്തിൽ നിന്ന് ഇത്തവണ 54.8 മില്യൺ ആയി നഷ്ടം കുത്തനെ കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇതിൽ $20.3 മില്യൺ നിയമപരമായ ചെലവുകൾക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. ഈ റിപ്പോർട്ട് പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരികൾ ഇന്നലത്തെ വ്യാപാരത്തിൽ മൂന്ന് ശതമാനത്തിലേറെ ഇടിയുകയും ചെയ്തു.

പ്രധാനമായും പരസ്യങ്ങളിൽ നിന്ന് വരുമാനം കണ്ടെത്തുന്ന കമ്പനിയുടെ വരുമാനം ഈ പാദത്തിൽ 9,72,900 ഡോളര്‍ ആയി കുറയുകയും ചെയ്തിട്ടുണ്ട്. യുഎസ് പ്രസിഡന്‍റായിട്ടും ട്രംപിന്റെ സ്വാധീനം ലാഭകരമായ വരുമാന മാർഗമാക്കി മാറ്റാനാകുന്നില്ലെന്ന വലിയ വെല്ലുവിളിയാണ് ട്രംപ് മീഡിയ നിലവിൽ നേരിടുന്നത്.

അതേസമയം, ട്രംപ് ഓർഗനൈസേഷന്റെ മറ്റ് ക്രിപ്‌റ്റോ സംരംഭങ്ങളായ ‘ട്രംപ് ഡോളർ’ മീം കോയിൻ വിൽപ്പനയിൽനിന്നും ‘വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ ടോക്കൺ’ വിൽപ്പനയിൽനിന്നും വരുമാനം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, ട്രൂത്ത് സോഷ്യലിന്റെ മാതൃകമ്പനിക്ക് തുടർച്ചയായി ഉണ്ടാകുന്ന നഷ്ടം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ബിറ്റ്‌കോയിൻ ഹോൾഡിംഗുകളിലെ 48 മില്യൺ ഡോളറിന്‍റെ കുറവ് ക്രോണോസിലെ നേട്ടം കൊണ്ട് ഭാഗികമായി നികത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ഒരു ആശ്വാസം.

Also read: