27/01/2026

‘മൊസാദ് ചാരന്മാർ ഇപ്പോഴും ഇറാൻറെ മണ്ണിൽ സജീവമായി പ്രവർത്തിക്കുന്നു’; വെളിപ്പെടുത്തലുമായി മുൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി മേധാവി

 ‘മൊസാദ് ചാരന്മാർ ഇപ്പോഴും ഇറാൻറെ മണ്ണിൽ സജീവമായി പ്രവർത്തിക്കുന്നു’; വെളിപ്പെടുത്തലുമായി മുൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി മേധാവി

തെല്‍ അവീവ്: ഇറാനിലെ മൊസാദിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വെളിപ്പെടുത്തലുമായി ഇസ്രയേലിന്റെ മുന്‍ രഹസ്യാന്വേഷണ ഏജന്‍സി മേധാവി. ഇറാന്‍ മണ്ണില്‍ മൊസാദ് സംഘം നേരിട്ടു തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വെളിപ്പെടുത്തല്‍. മുന്‍ മൊസാദ് ഡയരക്ടര്‍ യോസി കോഹന്‍ ഒരു രഹസ്യയോഗത്തില്‍ നടത്തിയ സംസാരത്തിന്റെ ശബ്ദരേഖകളാണ് ഇപ്പോള്‍ ഇസ്രയേല്‍ മാധ്യമമായ ‘ഹാരെറ്റ്‌സ്’ ദിനപത്രം പുറത്തുവിട്ടിരിക്കുന്നത്.

ഇറാന്‍ മണ്ണില്‍ മൊസാദ് പ്രവര്‍ത്തകര്‍ നേരിട്ട് സജീവമാണെന്ന് യോസി കോഹന്‍ സ്ഥിരീകരിച്ചു. ‘ഇറാന്‍ പ്രോക്സികള്‍ വഴി പ്രവര്‍ത്തിക്കുന്ന സ്ഥലമല്ല അത്. ഞങ്ങള്‍ ആളുകളെ റിക്രൂട്ട് ചെയ്യാനും ഇന്റലിജന്‍സ് ശേഖരിക്കാനുമാണ് അവിടേക്ക് പോകുന്നത്,’ കോഹന്‍ ഓഡിയോ ക്ലിപ്പില്‍ വ്യക്തമാക്കുന്നു. ഇറാന്‍ ഭരണകൂടം ആണവാഭിലാഷങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും കോഹന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെയുള്ള ഇസ്രയേലിന്റെ സുരക്ഷാ ഭീഷണിയുടെ ആഴം വെളിപ്പെടുത്തുന്നതാണ് ഈ പ്രസ്താവന.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള തന്റെ കൂടിക്കാഴ്ചകളെക്കുറിച്ചും മുന്‍ മൊസാദ് മേധാവി വിവരിച്ചു. ഫലസ്തീന്‍ വിഷയം തല്‍ക്കാലം ഒഴിവാക്കി ഇസ്രയേലുമായി സമാധാന കരാര്‍ സാധ്യമാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഔപചാരിക ബന്ധം സ്ഥാപിക്കുന്നതിന് മുന്‍പ് ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കുന്നതിലേക്കുള്ള വിശ്വാസ്യയോഗ്യമായ വഴികള്‍ തുറക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. നെതന്യാഹു സര്‍ക്കാര്‍ ആ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ സമാധാനശ്രമങ്ങള്‍ തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശ്വസ്തനായിരുന്നിട്ടും, അടുത്ത കാലത്തായി കോഹന്‍ അദ്ദേഹത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇസ്രയേലിന് മാറ്റം ആവശ്യമാണെന്നും, നെതന്യാഹുവിന് രാജ്യത്തെ വേണ്ടവിധം ഒന്നിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും യോസി കോഹന്‍ വ്യക്തമാക്കി.

Also read: