28/03/2026
[fontresizer_tawhidurrahmandear_widget]

‘വോട്ട് വാങ്ങാന്‍ പണം വിതരണം ചെയ്താല്‍ ക്ഷേമമാകില്ല’; വിമര്‍ശനവുമായി മുരളി മനോഹര്‍ ജോഷി പറഞ്ഞു

 ‘വോട്ട് വാങ്ങാന്‍ പണം വിതരണം ചെയ്താല്‍ ക്ഷേമമാകില്ല’; വിമര്‍ശനവുമായി മുരളി മനോഹര്‍ ജോഷി പറഞ്ഞു

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍ഡിഎ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് 10,000 രൂപ വീതം വിതരണം ചെയ്ത നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണം വിതരണം ചെയ്യുന്നത് യഥാര്‍ത്ഥ ജനക്ഷേമമല്ലെന്നും, അത് വോട്ട് വാങ്ങാനുള്ള തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയത്തിന് വഴിവെച്ചത് ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം നല്‍കിയതാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് മുതിര്‍ന്ന നേതാവിന്റെ ഈ പരാമര്‍ശം. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി.വി.ജി കൃഷ്ണമൂര്‍ത്തിയുടെ 91-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പണം വിതരണം ചെയ്യുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. സര്‍ക്കാര്‍ ഇതിനെ ജനക്ഷേമം എന്ന് വിളിക്കുന്നു. എന്നാല്‍ ഇത് വോട്ട് വാങ്ങാന്‍ വേണ്ടി നല്‍കുന്നതല്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്,’-ജോഷി പറഞ്ഞു. പണം നല്‍കുന്നത് കൊണ്ട് മാത്രം ജനങ്ങളുടെ ജീവിതനിലവാരം ഉയരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണഘടനയിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഇത്തരം നടപടികള്‍ വഴി അധികാരത്തില്‍ തുടരുന്നത്. ഇന്ദിരാഗാന്ധിയും വാജ്പേയിയും അടക്കമുള്ളവര്‍ ഭരണഘടനയെ അധികാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണ്. സാമ്പത്തിക സമത്വമില്ലാതെ ജനാധിപത്യം അര്‍ത്ഥപൂര്‍ണമാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് സംസ്ഥാനത്തെ ഒരുകോടിയോളം വരുന്ന സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി 10,000 രൂപ വീതം അക്കൗണ്ടുകളില്‍ എത്തിക്കുമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ നടപടി തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Also read: