ഡൽഹി ചെങ്കോട്ട സ്ഫോടനം: ‘ലോകത്തിനു മുഴുവൻ സന്ദേശമാകുന്ന ശിക്ഷ നൽകും; ഇനി ഒരാളും ഇന്ത്യൻ മണ്ണിൽ ഇങ്ങനെയൊരു കൃത്യത്തിന് മുതിരരുത്’ – അമിത് ഷാ
ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ കുറ്റവാളികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികളെ വെറുതെവിടില്ല. ലോകത്തിനു മുഴുവന്‍ സന്ദേശമാകുന്ന ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ ശ്രീ മോതിഭായ് ആര്‍ ചൗധരി സാഗര്‍ സൈനിക് സ്‌കൂളിന്റെയും സാഗര്‍ ഓര്‍ഗാനിക് പ്ലാന്റിന്റെയും ഉദ്ഘാടന ചടങ്ങില്‍ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ ഭീരുത്വം നിറഞ്ഞ കൃത്യം നടത്തിയവരെയും ഇതിന് പിന്നിലുള്ളവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കും. ഈ ഭീകരാക്രമണം നടത്തിയവര്‍ രാജ്യത്തിനകത്ത് ഒളിച്ചിരുന്നാലും, ലോകത്ത് എവിടെ പോയാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഇത് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാരും ആഭ്യന്തര മന്ത്രാലയവും പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്,’-അദ്ദേഹം വ്യക്തമാക്കി.
കുറ്റവാളികള്‍ക്ക് നല്‍കുന്ന ശിക്ഷ ലോകത്തിന് ഒരു ശക്തമായ സന്ദേശം നല്‍കുന്നതാകും. രാജ്യത്തിന് നേരെ വീണ്ടും ആക്രമണം നടത്താന്‍ ആരും ധൈര്യപ്പെടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘ഡല്‍ഹി ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് നല്‍കുന്ന ശിക്ഷ ലോകത്തിന് ഒരു സന്ദേശമായിരിക്കും, നമ്മുടെ രാജ്യത്ത് ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആരും ധൈര്യപ്പെടില്ല,’-ഷാ പറഞ്ഞു.