ഇന്ത്യക്കാര്‍ക്ക് ഓപണ്‍എഐയുടെ സമ്മാനം; 5,000 രൂപയുടെ ‘ചാറ്റ്ജിപിടി ഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം!
ന്യൂഡൽഹി: ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായരായ ഓപണ്‍എഐ. ചാറ്റ്ജിപിടി ഗോ സബ്സ്ക്രിപ്ഷൻ പ്ലാൻ ഇന്ത്യൻ ഉപയോക്താക്കൾക്ക് 12 മാസത്തേക്ക് പൂർണമായും സൗജന്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇന്നലെ മുതൽ ഈ പ്രമോഷൻ കാല ഓഫര്‍ പ്രാബല്യത്തിൽ വന്നു.
ഇന്ത്യയിലെ എഐ പ്രേമികൾക്കും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പ്രീമിയം എഐ ടൂളുകൾ ഉപയോഗിക്കാനുള്ള വലിയ അവസരമാണിത് തുറക്കുന്നത്.
ആർക്കൊക്കെ ആനുകൂല്യം?
പുതിയതായി ചാറ്റ്ജിപിടിയിൽ സൈൻ അപ്പ് ചെയ്യുന്നവർ, നിലവിലെ സൗജന്യ പ്ലാൻ ഉപയോക്താക്കൾ, നിലവിലെ ഗോ സബ്സ്ക്രൈബർമാർ എന്നിവർക്കെല്ലാം ഈ പ്രൊമോഷൻ ലഭ്യമാണ്. പ്ലസ്, പ്രോ, ബിസിനസ് തുടങ്ങിയ മറ്റ് പ്ലാനുകളിൽ സബ്സ്ക്രൈബ് ചെയ്ത ഉപയോക്താക്കൾ ആദ്യം സബ്സ്ക്രിപ്ഷൻ റദ്ദാക്കുകയും ബില്ലിങ് കാലയളവ് അവസാനിക്കുന്നതുവരെ കാത്തിരിക്കുകയും ചെയ്യണം.
പ്രധാന സവിശേഷതകൾ:
സൗജന്യമായി ലഭിക്കുന്ന ചാറ്റ്ജിപിടി ഗോ പ്ലാനിൽ ഓപണ്‍എഐയുടെ ഏറ്റവും പുതിയ മോഡലായ GPT-5 ഉപയോഗിക്കാനാകും. മെച്ചപ്പെടുത്തിയ ഇമേജ് ജനറേഷൻ ശേഷി, ഡോക്യുമെന്റുകൾ, സ്പ്രെഡ്ഷീറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ഫയലുകൾ അപ്ലോഡ് ചെയ്ത് ഡാറ്റാ അനാലിസിസ് നടത്താനുള്ള ടൂളുകൾ, സ്വന്തമായി കസ്റ്റം ജിപിടികൾ നിർമിക്കാനുള്ള കഴിവ്, ദൈർഘ്യമേറിയ സംഭാഷണങ്ങൾ ഓർമിക്കാനുള്ള ശേഷി എന്നിവയെല്ലാം ഈ പ്ലാനിൽ ഉൾപ്പെടുന്നു.
എങ്ങനെ ഓഫർ സ്വന്തമാക്കാം?
സൗജന്യ ഓഫർ സ്വന്തമാക്കുന്തനിനായി ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ പോലുള്ള ഒരു പേയ്മെന്റ് രീതി ചേർക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, 12 മാസത്തെ പ്രൊമോഷൻ കാലയളവിൽ സബ്സ്ക്രിപ്ഷൻ ഫീസ് ഈടാക്കുന്നതല്ല. യുപിഐ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് വെരിഫിക്കേഷനായി പ്രതിമാസ ബില്ലിങ് സൈക്കിളിൽ ഒരു രൂപയുടെ താത്കാലിക ചാർജ് കണ്ടേക്കാം. ഇത് റീഫണ്ട് ചെയ്യും.
വെബ്സൈറ്റ്, ആൻഡ്രോയിഡ് ആപ്പ് എന്നിവ വഴി ഓഫർ ലഭ്യമാണ്. ഐഒഎസ് ഉപയോക്താക്കൾക്ക് വെബ് വഴി റിഡീം ചെയ്ത ശേഷം ആപ്പിൽ ലോഗിൻ ചെയ്യാം. അല്ലെങ്കിൽ അടുത്ത ആഴ്ചയോടെ ആപ്പ് സ്റ്റോറിൽ ലഭ്യമാകുന്നതിനായി കാത്തിരിക്കാം.
12 മാസത്തെ പ്രൊമോഷണൽ കാലയളവ് അവസാനിച്ച ശേഷം, അടുത്ത മാസത്തേക്കുള്ള ബില്ലിങ് സൈക്കിൾ ആരംഭിക്കുന്നതിന് മുമ്പ് സബ്സ്ക്രിപ്ഷൻ റദ്ദാക്കിയില്ലെങ്കിൽ, നിലവിലെ പ്രതിമാസ നിരക്കായ 399 രൂപയ്ക്ക് ഓട്ടോമാറ്റിക്കായി ഇത് പുതുക്കപ്പെടും.