26/01/2026

‘ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ടുള്ള പാക് ആക്രമണശ്രമം സിഐഎസ്എഫ് ജവാന്മാര്‍ തകര്‍ത്തു’: നാട്ടുകാരടക്കം 300ഓളം പേരെ രക്ഷിച്ചതായി വെളിപ്പെടുത്തല്‍

 ‘ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ടുള്ള പാക് ആക്രമണശ്രമം സിഐഎസ്എഫ് ജവാന്മാര്‍ തകര്‍ത്തു’: നാട്ടുകാരടക്കം 300ഓളം പേരെ രക്ഷിച്ചതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിനു പിന്നാലെ ജമ്മു കശ്മീരിലെ ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണത്തിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍, വലിയ ദുരന്തം സൃഷ്ടിക്കാനിടയുള്ള ആക്രമണ ശ്രമം സിഐഎസ്എഫ് ജവാന്മാരുടെ അതിവേഗത്തിലുള്ളതും ധീരവുമായ ഇടപെടലിലൂടെ പൂര്‍ണമായും പരാജയപ്പെടുത്തിയതായാണു പുതിയ വെളിപ്പെടുത്തല്‍. രക്ഷാപ്രവര്‍ത്തനത്തിലൂടെ 250-ഓളം സാധാരണക്കാരെയും എന്‍എച്ച്പിസി ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ 19 ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടര്‍ ജനറലിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചതോടെയാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

ബാരാമുല്ല ജില്ലയിലെ ഝലം നദിക്കരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഉറി ജലവൈദ്യുത പദ്ധതികളെയാണ് പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. മെയ് ഏഴിന് അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടന്നത്. പഹല്‍ഗാമിലെ ഭീകര ക്യാമ്പുകള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് ഇന്ത്യ ‘ഓപറേഷന്‍ സിന്ദൂര്‍’ ആരംഭിക്കുകയും പാക് ഭീകര ക്യാമ്പുകള്‍ തകര്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഉറി ലക്ഷ്യമാക്കിയുള്ള ഈ പ്രത്യാക്രമണം.

കമാന്‍ഡന്റ് രവി യാദവിന്റെ നേതൃത്വത്തിലുള്ള സിഐഎസ്എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പാകിസ്ഥാന്‍ വെടിവെച്ച ഷെല്ലുകള്‍ സമീപപ്രദേശങ്ങളില്‍ പതിച്ചതോടെ കുടുംബങ്ങള്‍ ഭീതിയിലായി. ഈ സമയത്ത്, വീടുകള്‍ തോറും കയറിയിറങ്ങി 250 സാധാരണക്കാരെയും എന്‍എച്ച്പിസി ജീവനക്കാരെയും അതിവേഗം ബങ്കറുകളിലേക്ക് ഒഴിപ്പിച്ചത് സിഐഎസ്എഫ് ഉദ്യോഗസ്ഥരായിരുന്നു.

‘ഉറങ്ങുകയായിരുന്ന കുടുംബങ്ങളെ ഉണര്‍ത്തുക എന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം,’ പുരസ്‌കാരം നേടിയ എ.എസ്.ഐ ഗുര്‍ജീത് സിങ് പറഞ്ഞു. തീവ്രമായ ഷെല്ലാക്രമണങ്ങള്‍ക്കിടയിലും സിഐഎസ്എഫ് സംഘം ബങ്കറുകള്‍ ശക്തിപ്പെടുത്തുകയും തത്സമയ ഭീഷണികളെ വിലയിരുത്തുകയും ആശയവിനിമയം നിലനിര്‍ത്തുകയും ചെയ്തു. ശത്രുക്കളുടെ ഡ്രോണുകളെ നിര്‍വീര്യമാക്കാനും സംഘത്തിന് കഴിഞ്ഞു. ഇതിലൂടെ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാനും സാധിച്ചു.

ശത്രുക്കളുടെ ഭാഗത്ത് നിന്ന് ഉറിക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. 2016 സെപ്റ്റംബര്‍ 18-ന് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Also read: