27/01/2026

‘വോട്ടെടുപ്പിന്റെ ദിവസങ്ങള്‍ക്കു മുന്‍പ് 3.35 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തു; ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് പോസ്റ്റല്‍ വോട്ട് പുറത്തുവിടുന്നു’-കമ്മീഷനെതിരെ വീണ്ടും പറക്കാല

 ‘വോട്ടെടുപ്പിന്റെ ദിവസങ്ങള്‍ക്കു മുന്‍പ് 3.35 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തു; ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് പോസ്റ്റല്‍ വോട്ട് പുറത്തുവിടുന്നു’-കമ്മീഷനെതിരെ വീണ്ടും പറക്കാല

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പുതിയ ആരോപണങ്ങളുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകര്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ ഡാറ്റയിലെ സുതാര്യതയില്ലായ്മയും സ്ഥിരതയില്ലായ്മയും ചോദ്യം ചെയ്താണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ബിഹാറിലെ മൊത്തം വോട്ടര്‍മാരുടെയും തെരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെയും കണക്കുകള്‍ കമ്മിഷന്‍ ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇനിയും ആരെങ്കിലും കണക്കുള്‍ ചോദ്യംചെയ്തു രംഗത്തെത്തിയാല്‍ ഇനിയും കണക്കുകള്‍ മാറാന്‍ സാധ്യതയുണ്ടെന്നും പറക്കാല ആരോപിച്ചു.

എസ്‌ഐആറിന്റെ അന്തിമ പട്ടിക പൂര്‍ത്തിയായ ശേഷം പ്രഖ്യാപിച്ച കണക്കിനെക്കാള്‍ 1,77,673 വോട്ടുകള്‍ അധികമായി തെരഞ്ഞെടുപ്പില്‍ എണ്ണിയത് എങ്ങനെയാണെന്ന് ചോദ്യംചെയ്ത് നേരത്തെ പറക്കാല പ്രഭാകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലായി പുറത്തുവിട്ട കണക്കുകളിലെ പൊരുത്തക്കേടുകള്‍ വിശദമായി വിവരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. ഇതിനെതിരെ വിമര്‍ശനവും കമ്മീഷന്റെ കണക്കുകള്‍ക്കു ന്യായീകരണവുമായി നിരവധി സംഘ്പരിവാര്‍ ഹാന്‍ഡിലുകള്‍ രംഗത്തെത്തിയതോടെയാണ് കൂടുതല്‍ പൊരുത്തക്കേടുകള്‍ വിവരിച്ച് അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

കമ്മീഷന്‍ പുറത്തുവിടുന്ന വോട്ടിങ് ശതമാനങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്ന് പറക്കാല ആരോപിച്ചു. നവംബര്‍ 11-ന് 66.91% ആയിരുന്ന പോളിങ് ശതമാനം യാതൊരു വിശദീകരണവുമില്ലാതെ നവംബര്‍ 13ന് 67.13% ആയും പിന്നീട് 67.25% ആയും വര്‍ധിച്ചു. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും ഉള്‍പ്പെടുത്തുന്നതില്‍ വ്യക്തതയില്ല. എസ്‌ഐആറില്‍ പേരു ചേര്‍ക്കാനുള്ള അവസാന അവസരം എന്ന പേരില്‍ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് വെറും പത്തു ദിവസം കൊണ്ട് 3.35 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതും കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

വിജയികളെ പ്രഖ്യാപിച്ചതിന് ശേഷം അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റല്‍ വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത്. ഇത് സൂചിപ്പിക്കുന്നത്, പ്രഖ്യാപന സമയത്ത് നല്‍കിയ കണക്കുകള്‍ അപൂര്‍ണമായിരുന്നു എന്നാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് സാധാരണയായി ആദ്യ ഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത്രയും വൈകി വെളിപ്പെടുത്തുന്നത്, കമ്മീഷന്റെ നടപടിക്രമങ്ങളിലുള്ള വിശ്വാസ്യതയെ ബാധിച്ചു.

ഇതോടെ, തെരഞ്ഞെടുപ്പിന് ശേഷം പല ദിവസങ്ങളിലായി വ്യത്യസ്ത പോളിംഗ് ശതമാനങ്ങളും വോട്ടെണ്ണങ്ങളും ഉണ്ടാകുന്ന ഒരു സ്ഥിതിവിശേഷമാണ് ബിഹാറില്‍ ഉണ്ടായത്. ഇത് കമ്മീഷന്റെ ഭാഗത്തുനിന്നുള്ള ‘അശ്രദ്ധയോ അഹങ്കാരമോ പുകമറയോ’ ആണെന്നാണ് പ്രഭാകര്‍ വിമര്‍ശിക്കുന്നത്.

തര്‍ക്കങ്ങളുണ്ടായാല്‍, നിയമപരമായ ഫോമുകളിലെ ഡാറ്റയാണ് അന്തിമം എന്ന ഇ.സി.ഐയുടെ വെളിപ്പെടുത്തലിനെ പറക്കാല പ്രഭാകര്‍ പരിഹസിച്ചു. ഈ രഹസ്യ ഫോമുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. ഇത്രയും വലിയ കണക്കുകളിലെ പിഴവുകള്‍ ബിഹാറില്‍ ഭരണം നേടിയ ബി.ജെ.പിയെ പോലുള്ള കക്ഷികള്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന പരോക്ഷ വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. പറക്കാലയുടെ ആരോപണങ്ങളോട് കമ്മീഷന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read: