‘പോൾ ചെയ് മൊത്തം വോട്ടിനെക്കാൾ 1.77 ലക്ഷം വോട്ട് എണ്ണിയത് എങ്ങനെ? ; ബിഹാർ തെരഞ്ഞെടുപ്പിൽ ചോദ്യങ്ങളുമായി പരകാല പ്രഭാകർ
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുതരായ ചോദ്യങ്ങളുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പരകാല പ്രഭാകർ. “ബിഹാർ അത്ഭുതം ഡീകോഡ് ചെയ്യുന്നു” (Decoding Bihar Miracle) എന്ന തലക്കെട്ടിൽ എക്‌സിൽ പങ്കുവെച്ച 12 പോസ്റ്റുകളടങ്ങിയ ത്രെഡിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അദ്ദേഹം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്.
കമ്മീഷന്റെ ഔദ്യോഗിക രേഖകളും കണക്കുകളും അക്കമിട്ടു നിരത്തിയാണ് അദ്ദേഹത്തിന്റെ ആരോപണം. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ്റെ ഭർത്താവ് കൂടിയാണ് പരകാല.
പരകാല പ്രഭാകർ ഉന്നയിച്ച പ്രധാന വാദങ്ങൾ ഇങ്ങനെയാണ്:
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വലിയ അന്തരമുണ്ട്.
മൊത്തം വോട്ടർമാർ: 7,45,26,858 (നവംബർ 11-ലെ കണക്ക് പ്രകാരം).
പോളിംഗ് ശതമാനം: 67.13%.
പോൾ ചെയ്തതായി കണക്കാക്കാവുന്ന വോട്ടുകൾ: 5,00,29,880.
എന്നാൽ 243 മണ്ഡലങ്ങളിലായി എണ്ണിയ വോട്ടുകൾ: 5,02,07,553.
വ്യത്യാസം: 1,77,673 വോട്ടുകൾ.
എണ്ണിയ വോട്ടുകളിൽ ഈ 1,77,673 എണ്ണം അധികമായി വന്നത് എവിടെ നിന്നാണെന്നും എങ്ങനെയാണെന്നും കമ്മീഷൻ രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് പരകാല ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിലെ മാറ്റങ്ങൾ
തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർമാരുടെ എണ്ണത്തിൽ കമ്മീഷൻ പലതവണ മാറ്റം വരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു:
സെപ്റ്റംബർ 30, 2025: വോട്ടർ പട്ടിക പുതുക്കലിന് (SIR) ശേഷം ആകെ വോട്ടർമാർ ഏകദേശം 7.42 കോടി എന്ന് കമ്മീഷൻ അറിയിച്ചു. കൃത്യമായ സംഖ്യക്ക് പകരം എന്തുകൊണ്ടാണ് ‘ഏകദേശം’ എന്ന കണക്ക് നൽകിയതെന്ന് അദ്ദേഹം ചോദിക്കുന്നു.
ഒക്ടോബർ 6, 2025: സർവീസ് വോട്ടർമാരെക്കൂടി ഉൾപ്പെടുത്തി ഈ സംഖ്യ 7,43,55,976 ആയി പുതുക്കി.
നവംബർ 11, 2025: വോട്ടെടുപ്പിന് ശേഷം ആകെ വോട്ടർമാരുടെ എണ്ണം വീണ്ടും വർധിപ്പിച്ച് 7,45,26,858 എന്ന് കാണിച്ചു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം താഴെപ്പറയുന്ന ചോദ്യങ്ങൾ ഉന്നയിച്ചു:
-പോൾ ചെയ്ത വോട്ടുകളുടെ കൃത്യമായ എണ്ണം (Gross number) സംസ്ഥാനാടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലും പുറത്തുവിടാത്തത് എന്തുകൊണ്ട്?
-പോളിങ് ശതമാനം നൽകാൻ കഴിയുന്ന കമ്മീഷന്, പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വെളിപ്പെടുത്താൻ എന്താണ് തടസ്സം?
-ഇതൊരു സ്വാഭാവിക പിഴവാണോ? അതോ കഴിവുകേടോ അശ്രദ്ധയോ?
അതോ ഏതെങ്കിലും ഒരു പാർട്ടിയെ സഹായിക്കാനായി ബോധപൂർവ്വം സൃഷ്ടിച്ച പുകമറയാണോ ഇത്?
-തങ്ങൾ നിയമത്തിനും അതീതരാണെന്ന അഹങ്കാരമാണോ കമ്മീഷന്?
ഈ ക്രമക്കേടിലൂടെ നേട്ടമുണ്ടാക്കിയവർ (വിജയിച്ച പാർട്ടി) ഇതൊന്നും അറിയാത്തവരാണോ എന്നും, ജനങ്ങളുടെ ഹൃദയം കവർന്നാണ് തങ്ങൾ ജയിച്ചതെന്ന് അവർ സത്യമായും വിശ്വസിക്കുന്നുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു. 243 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ രേഖകളുടെ സ്ക്രീൻഷോട്ടുകൾ കൈവശമുണ്ടെന്നും പരകാല പ്രഭാകർ വ്യക്തമാക്കിയിട്ടുണ്ട്.