27/01/2026

ചെങ്കോട്ട സ്ഫോടനം: പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

 ചെങ്കോട്ട സ്ഫോടനം: പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷമാണ് പ്രധാനമന്ത്രി ലോക് നായക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് ഐ20 കാറില്‍ വന്‍ സ്‌ഫോടനം നടന്നത്. സംഭവം ഭീകരാക്രമണമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു.

സ്‌ഫോടനത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, ജയ്ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്തുല്‍ ഹിന്ദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള ഒരു ‘വൈറ്റ് കോളര്‍’ ഭീകര ശൃംഖലയെക്കുറിച്ച് വിവരം ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍ക്ക് അറിയിച്ചിരുന്നു. കാശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വേരുകളുള്ള ഈ ശൃംഖലയിലെ മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അറസ്റ്റിലായവരില്‍ ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധമുള്ള ഡോ. മുസമ്മില്‍ ഗനായ്, ഡോ. ഷഹീന്‍ സയീദ് എന്നിവരും ഉള്‍പ്പെടുന്നു. ഇവരുമായി ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്നാണ് 360 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെടുത്തത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി കരുതുന്ന കാര്‍ ഡ്രൈവര്‍ ഡോ. ഉമര്‍ നബിക്കും ഇതേ സര്‍വകലാശാലയുമായി ബന്ധമുള്ളതായി ആരോപണമുണ്ട്.

ഗനായ്, ഉമര്‍ എന്നിവര്‍ സ്‌ഫോടനത്തിന് മുന്‍പ് ചെങ്കോട്ട പ്രദേശം നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ദീപാവലി, റിപ്പബ്ലിക് ദിനം പോലുള്ള തിരക്കേറിയ സമയങ്ങളില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

Also read: