‘ദേശീയ തലത്തിൽ ഫയൽസിനും പൈൽസിനും ഒക്കെയാണ് അവാർഡ്, അവർ മമ്മൂട്ടിയെ അർഹിക്കുന്നില്ല- പ്രകാശ് രാജ്
തിരുവനന്തപുരം: ദേശീയ അവാർഡ് വിവാദങ്ങളിൽ പ്രതികരിച്ച് നടൻ പ്രകാശ് രാജ്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ‘കോംപ്രമൈസ്ഡ്’ (ഒത്തുതീർപ്പാക്കപ്പെട്ടത്) ആയെന്ന് അദ്ദേഹം വിമർശിച്ചു. ദേശീയ അവാർഡ് ലഭിക്കാത്തത്, ഇപ്പോഴത്തെ ജൂറിയും ദേശീയ സർക്കാരും മമ്മൂട്ടിയെപ്പോലെ ഒരു നടനെ അർഹിക്കാത്തതുകൊണ്ടാണെന്നും പ്രകാശ് രാജ് പറഞ്ഞു. “അവിടെ ഇപ്പോൾ പൈൽസും ഫയൽസും ഒക്കെയാണ് അവാർഡുകൾ നേടുന്നത്. അതെന്താണെന്ന് നമുക്കറിയാം. അത്തരമൊരു ജൂറിയോ ദേശീയ സർക്കാരോ മമ്മൂക്കയെ അർഹിക്കുന്നില്ല”- പ്രകാശ് രാജ് കുറ്റപ്പെടുത്തി.
മമ്മൂട്ടി ഇപ്പോഴും യുവതാരങ്ങളോടാണ് മത്സരിക്കുന്നത്. അദ്ദേഹത്തെ ഒരു മുതിർന്ന നടനായിട്ടല്ല കാണേണ്ടത്. ‘ഭ്രമയുഗം’ പോലുള്ള ചിത്രങ്ങളിൽ മമ്മൂട്ടി കൊണ്ടുവന്ന സൂക്ഷ്മമായ ഭാവങ്ങൾ വളരെ ശക്തമായിരുന്നു. അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കാതെ അദ്ദേഹം കൊണ്ടുവരുന്ന നിയന്ത്രണത്തെ ഞാൻ അസൂയയോടെയാണ് നോക്കുന്നതെന്നും, അത് യുവനടന്മാർക്ക് പാഠമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ അധ്യക്ഷനായതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. പുറത്തുനിന്നുള്ള ഒരാളെ ചെയർമാനായി നിയമിക്കുകയും തീരുമാനങ്ങളിൽ കൈകടത്തുകയില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്ത കേരള സർക്കാരിൻ്റെ നടപടി ദേശീയതലത്തിൽ നടക്കുന്നില്ലെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.