‘അനന്ത, സുഖമാണോ?’ മക്കൾ എന്ത് ചെയ്യുന്നു?’ ആൾക്കൂട്ടത്തിനിടയിൽ രാഷ്ട്രപതിയുടെ വിളി കേട്ട് ഞെട്ടി മുൻ ‘ജമാദാർ’
ഭുവനേശ്വർ: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽ കണ്ടതിന്റെ ആഹ്ലാദത്തിലാണ് മുൻ നിയമസഭ ജീവനക്കാരനായ അനന്ത ചരൺ ബെഹേര. ഇന്നലെ തന്റെ പഴയ ജോലിസ്ഥലമായ ഒഡീഷ നിയമസഭയിലേക്ക് രാഷ്ട്രപതി വന്നപ്പോൾ അനന്ത ചരൺ ബെഹേരയും കാത്തുനിന്നു. എന്നാൽ ആൾക്കൂട്ടത്തിനിടയിൽ വെച്ച് രാഷ്ട്രപതി തന്റെ പേര് വിളിച്ചപ്പോൾ അദ്ദേഹം വിസ്മയിച്ചു.
2000 മുതൽ 2004 വരെ ബിജെപി-ബിജെഡി സഖ്യ സർക്കാരിൽ വാണിജ്യ, ഗതാഗത മന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയുടെ ഓഫീസിൽ ജമാദാർ (ഗ്രേഡ് IV ജീവനക്കാരൻ) ആയിരുന്നു അനന്ത. മുർമു മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന 11ാം നമ്പർ മുറിയിൽ നിന്ന് പുറത്തേക്ക് വരുമ്പോളാണ് ബെഹേരയെ കണ്ടതും പേര് വിളിച്ചതും. ആ ഞെട്ടലിലാണ് ബെഹേരയിപ്പോഴും.
‘അനന്ത, സുഖമാണോ? നിങ്ങളുടെ മകനും മകളും ഇപ്പോൾ എന്താണ് ചെയ്യുന്നത്?’ എന്നായിരുന്നു രാഷ്ട്രപതിയുടെ ചോദ്യം. ‘ദൈവാനുഗ്രഹത്താൽ ഞാൻ സുഖമായിരിക്കുന്നു. മകനും മകളും വിവാഹിതരാണ്, ഞാൻ സർവീസിൽ നിന്ന് വിരമിച്ചു,’ അദ്ദേഹം മറുപടി നൽകി.
ഇന്ത്യൻ രാഷ്ട്രപതി തന്റെ പേര് വിളിച്ചതിലുള്ള വിസ്മയം അനന്ത ചരൺ ബെഹേര മറച്ചുവെച്ചില്ല. ‘മുഖ്യമന്ത്രി മോഹൻ ചരൺ മാജിയടക്കമുള്ള നിരവധി വിഐപികൾ ഉണ്ടായിരുന്ന സദസ്സിൽ മാഡം എന്നെ പേര് ചൊല്ലി വിളിച്ചപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചുപോയി,’ അദ്ദേഹം പ്രതികരിച്ചു. മക്കളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നതിലൂടെ മാഡത്തിന് തന്റെ കുടുംബകാര്യങ്ങൾ അറിയാമായിരുന്നുവെന്നും, തങ്ങൾ തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കഴിഞ്ഞ 20 വർഷമായി മാഡത്തിന് യാതൊരു മാറ്റവുമില്ല. പഴയ അതേ പുഞ്ചിരിയും പെരുമാറ്റരീതിയും അവർക്കൊപ്പമുണ്ട്. എന്നെപ്പോലുള്ള എല്ലാ ജീവനക്കാരോടും അവർക്ക് ഇപ്പോഴും സ്നേഹമുണ്ട്,’ അനന്ത ചരൺ ബെഹേര പറഞ്ഞു.