കോൺഗ്രസ് പരിശീലന ക്യാമ്പിൽ എത്താൻ വൈകി ; ‘പണിഷ്മെൻ്റ്’ ആയി 10 പുഷ് അപ്പ് എടുത്ത് രാഹുൽ ഗാന്ധി
ഇൻഡോർ: മധ്യപ്രദേശിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാർക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ ‘അച്ചടക്ക നടപടി’ നേരിട്ട് രാഹുൽ ഗാന്ധി! സമയനിഷ്ഠ പാലിക്കാത്തതിനെത്തുടർന്ന്, രാഹുൽ ഗാന്ധിക്ക് ‘ശിക്ഷയായി’ 10 പുഷ്അപ്പുകൾ എടുക്കേണ്ടിവന്നു. പങ്കെടുക്കുന്നവരിൽ അച്ചടക്കവും കൃത്യനിഷ്ഠയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ക്യാമ്പിൽ ഏർപ്പെടുത്തിയ നിയമപ്രകാരമാണ് രാഹുൽ ഗാന്ധിക്ക് ഈ ‘പണിഷ്മെൻ്റ്’ ലഭിച്ചത്.
മധ്യപ്രദേശിലെ പച്മറിയിലാണ് സംഭവം. കഴിഞ്ഞ ദിവസത്തെ സെഷനിൽ പങ്കെടുക്കാൻ ഏകദേശം 20 മിനിറ്റ് വൈകിയാണ് രാഹുൽ എത്തിയത്. ക്യാമ്പ് മേധാവിയായ സച്ചിൻ റാവു തമാശരൂപേണ വൈകി വരുന്നവർക്ക് ശിക്ഷയുണ്ടാകുമെന്ന് ഓർമ്മിപ്പിച്ചു. തുടർന്ന്, എഴുന്നേറ്റുനിന്ന് എന്താണ് ശിക്ഷയെന്ന് രാഹുൽ ഗാന്ധി ചോദിച്ചപ്പോൾ, നിയമപ്രകാരം 10 പുഷ്അപ്പുകളാണ് ആവശ്യമെന്ന് റാവു മറുപടി നൽകി.
ഒരു മടിയും കൂടാതെ രാഹുൽ ഗാന്ധി പുഷ്അപ്പുകൾ എടുക്കുകയായിരുന്നു. ശിക്ഷ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഏറ്റെടുത്ത രാഹുൽ ഗാന്ധിയുടെ ഇടപെടലിന് വലിയ കൈയടിയും ലഭിച്ചു.
അച്ചടക്കത്തിനും ഉത്തരവാദിത്തത്തിനും ഊന്നൽ നൽകുന്ന കോൺഗ്രസിൻ്റെ ആന്തരിക ശേഷി വികസന പരിപാടിയുടെ ഭാഗമായാണ് ഈ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. സംഭവത്തിന് ശേഷം, രാഹുൽ ഗാന്ധി പുതിയ ജില്ലാ പ്രസിഡന്റുമാരുമായി സംസാരിക്കുകയും സംഘടനാ ലക്ഷ്യങ്ങളും തന്ത്രങ്ങളും ചർച്ച ചെയ്യുകയും ചെയ്തു.