27/01/2026

ബിഹാറില്‍ പ്രചരണത്തിനിടെ മത്സ്യബന്ധന തൊഴിലാളികള്‍ക്കൊപ്പം വെള്ളത്തിലിറങ്ങി രാഹുല്‍ ഗാന്ധി

 ബിഹാറില്‍ പ്രചരണത്തിനിടെ മത്സ്യബന്ധന തൊഴിലാളികള്‍ക്കൊപ്പം വെള്ളത്തിലിറങ്ങി രാഹുല്‍ ഗാന്ധി

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കിടെ മത്സ്യ ബന്ധന തൊഴിലാളികൾക്കൊപ്പം വെള്ളത്തിലിറങ്ങി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായ് ജില്ലയിൽ വികാസ്ശീൽ ഇൻസാഫ് പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിക്കൊപ്പമാണ് രാഹുൽ ഗാന്ധി തൊഴിലാളികളുമായും കർഷകരുമായും കൂടിക്കാഴ്ച നടത്തിയത്. മത്സ്യബന്ധന തൊഴിലാളികൾക്കൊപ്പം കായലിലൂടെ തോണിയിൽ സഞ്ചരിച്ച രാഹുൽ ഗാന്ധി, വെള്ളത്തിലേക്ക് എടുത്തു ചാടുകയും നീന്തുകയും ചെയ്തു.

‘ബിഹാറിലെ ബെഗുസരായിയിൽ വി.ഐ.പി പാർട്ടി അധ്യക്ഷൻ മുകേഷ് സാഹ്നിക്കൊപ്പം അവിടത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ കണ്ടതിൽ അതിയായ സന്തോഷം.

അവരുടെ ജോലി എത്രത്തോളം കൗതുകകരമാണോ, അത്രതന്നെ ഗൗരവമേറിയതാണ് അതുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങളും പോരാട്ടങ്ങളും. എങ്കിലും, എല്ലാ സാഹചര്യങ്ങളിലും അവരുടെ കഠിനാധ്വാനവും ആവേശവും ജോലിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും പ്രചോദനകരമാണ്.

ബീഹാറിലെ നദികൾ, കനാലുകൾ, കുളങ്ങൾ, അവയിൽ ജീവിതം നയിക്കുന്ന മത്സ്യത്തൊഴിലാളികൾ എന്നിവ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ്.

അവരുടെ അവകാശങ്ങൾക്കും ആദരവിനും വേണ്ടി എല്ലാ ഘട്ടത്തിലും ഞാൻ അവർക്കൊപ്പം നിലകൊള്ളും.’ – രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.

Also read: