27/01/2026

‘വോട്ട് തട്ടാനുള്ള നീക്കം നടക്കുന്നു; പോളിങ് ബൂത്തുകളില്‍ ജാഗ്രതയോടെ നിലയുറപ്പിക്കണം’-ബിഹാറില്‍ ആഹ്വാനവുമായി രാഹുല്‍ ഗാന്ധി

 ‘വോട്ട് തട്ടാനുള്ള നീക്കം നടക്കുന്നു; പോളിങ് ബൂത്തുകളില്‍ ജാഗ്രതയോടെ നിലയുറപ്പിക്കണം’-ബിഹാറില്‍ ആഹ്വാനവുമായി രാഹുല്‍ ഗാന്ധി

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ആര്‍എസ്എസ് സഖ്യം വോട്ട് മോഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാനുള്ള സാധ്യതകളുണ്ടെന്നും വോട്ടര്‍മാര്‍ പോളിങ് ബൂത്തുകൡ ജാഗരൂകരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബേഗുസരായി, ഖഗാരിയാ എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളില്‍ അതീവ ജാഗ്രത പാലിക്കണം. തങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള എതിരാളികളുടെ ഏത് ശ്രമങ്ങളെയും ശക്തമായി ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ എന്‍ഡിഎ സഖ്യം വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയാണ് അധികാരത്തില്‍ വന്നതെന്നും, ഇപ്പോള്‍ ബിഹാറിനെ പിടിച്ചടക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പ്രത്യേക വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിനിടെ ഇന്‍ഡ്യ മുന്നണി അനുഭാവികളെന്ന് കരുതുന്ന നിരവധി പേരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്തിരുന്നതായും അദ്ദേഹം ആരോപിച്ചു. ‘വോട്ട് ചോരി’ക്കെതിരെ ശക്തമായി പ്രതികരിക്കണം. ഇത് ഭരണഘടനയെ നിരാകരിക്കാനും ബിആര്‍ അംബേദ്കറുടെയും മഹാത്മാഗാന്ധിയുടെയും ആദര്‍ശങ്ങളെ ഇല്ലാതാക്കാനുമുള്ള ശ്രമമാണെന്നും കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വന്തം ഭരണത്തില്‍ നിസഹായനാണെന്നും, ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരം മൂന്നോ നാലോ ഉദ്യോഗസ്ഥരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്‍ഡിഎ ഭരണത്തില്‍ യുവജനങ്ങള്‍ തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വന്നാല്‍ ബിഹാറില്‍ ലോകോത്തര നിലവാരമുള്ള സര്‍വകലാശാല സ്ഥാപിക്കുമെന്നും, വിദ്യാഭ്യാസ മേഖലയ്ക്ക് മുന്‍ഗണന നല്‍കുമെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. ജിഎസ്ടി, നോട്ടുനിരോധനം പോലുള്ള സാമ്പത്തിക നയങ്ങള്‍ ചെറുകിട ബിസിനസുകളെ തകര്‍ത്ത് വന്‍കിടക്കാര്‍ക്ക് മാത്രം പ്രയോജനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Also read: