ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യഹരജി നൽകി രാഹുൽ മാങ്കൂട്ടത്തിൽ; ഒളിവിലെന്ന് പോലീസ്
തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യഹരജി നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി ഹരജി ഫയൽ ചെയ്തത്.
യുവതി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസിൽ താൻ നിരപരാധിയാണെന്നും ജാമ്യഹരജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നൽകിയത്. ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന്, ഇന്ന് രാവിലെ നെയ്യാറ്റിൻകര ജെഎഫ്‌സിഎം 7 കോടതിയിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്തെ ഫ്‌ലാറ്റിൽ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയിൽ പറയുന്നത്. ബലാത്സംഗദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചെന്നും ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പരാതിയൽ പറയുന്നു. പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നും മൊഴിയിലുണ്ട്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കണ്ടെത്താനായി സംസ്ഥാന വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.