മഴ ഇന്നും ശക്തമായി തുടരും; 7 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്ത് നിലവില്‍ വടക്ക് കിഴക്കന്‍ തുലാവര്‍ഷം സജീവമായി തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് മഴ ശക്തമാകുന്നത്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനു ജാഗ്രതാ നിര്‍ദേശമുണ്ട്.
പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ തുറസ്സായ സ്ഥലങ്ങളിലും മരങ്ങളുടെ ചുവട്ടിലും നില്‍ക്കുന്നത് ഒഴിവാക്കണം. പകല്‍ സമയത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
തുടര്‍ന്നുള്ള ദിവസങ്ങളിലും മഴ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.