26/01/2026

ഒടുവില്‍ സ്ഥിരീകരണം ആര്‍സിബി വില്പനയ്ക്ക് ; വിലയിട്ടത് 2 ബില്യണ്‍ ഡോളര്‍

 ഒടുവില്‍ സ്ഥിരീകരണം ആര്‍സിബി വില്പനയ്ക്ക് ; വിലയിട്ടത് 2 ബില്യണ്‍ ഡോളര്‍

ബെംഗളൂരു: 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം നേടി ആറുമാസത്തിനകം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ടീം വില്‍പ്പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട്, യുകെ ആസ്ഥാനമായ ഡിയാജിയോ കമ്പനിയാണ് വില്‍പ്പന നടപടിക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചതായി സ്ഥിരീകരിച്ചത്. ഐപിഎല്‍ ടീമിനൊപ്പം വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ടീമും വില്‍ക്കുന്നുണ്ട്. ഏകദേശം രണ്ട് ബില്യന്‍ ഡോളറാണ് ഫ്രാഞ്ചൈസിയുടെ മൂല്യം കണക്കാക്കുന്നത്.

യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനിയായ ഡിയാജിയോയിലെ നിക്ഷേപത്തെക്കുറിച്ച് സ്ട്രാറ്റജിക് റിവ്യൂ ആരംഭിച്ചിരിക്കുകയാണെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനും അയച്ച കത്തില്‍ ഡിയാജിയോ വ്യക്തമാക്കി. പുതിയ നീക്കങ്ങളെ കുറിച്ച് ബിസിസിഐയെയും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിനെയും അറിയിച്ചിട്ടുണ്ടെന്നും ഡിയാജിയോ കൂട്ടിച്ചേര്‍ത്തു.

വില്‍പന നടപടിക്രമങ്ങള്‍ 2026 മാര്‍ച്ച് 31-നകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത സീസണിന് മുന്നോടിയായി നവംബര്‍ 15-ന് മുമ്പായി ടീമുകളുടെ റിട്ടന്‍ഷന്‍ പട്ടിക അന്തിമമാക്കേണ്ട സമയത്താണ് ഈ സുപ്രധാന തീരുമാനം വരുന്നത്. ഇതിന്റെ അനുരണനങ്ങള്‍ അടുത്ത ലേലത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. 2026 മാര്‍ച്ചോടെ വില്‍പ്പന പൂര്‍ത്തിയായാലും, പുതിയ ഉടമസ്ഥാവകാശത്തിന്റെ കൈമാറ്റം ഐപിഎല്‍ സീസണ്‍ അവസാനിച്ചതിന് ശേഷം മാത്രമേ നടക്കുകയുള്ളൂവെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2008ല്‍ വിജയ് മല്യയുടെ യു.ബി ഗ്രൂപ്പ് 111.6 മില്യണ്‍ ഡോളറിന് സ്വന്തമാക്കിയപ്പോള്‍, മുംബൈ ഇന്ത്യന്‍സിന് ശേഷം രണ്ടാമത്തെ വിലയേറിയ ഫ്രാഞ്ചൈസിയായിരുന്നു ആര്‍സിബി. 2015-ല്‍ ഡിയാജിയോ യു.ബി ഗ്രൂപ്പില്‍ നിയന്ത്രണ ഓഹരി ഏറ്റെടുത്തതോടെയാണ് ആര്‍സിബിയും അവരുടെ കീഴിലായത്. പിന്നീട് 2016-ല്‍ ഡിയാജിയോ ഫ്രാഞ്ചൈസിയുടെ ഏക ഉടമയായി മാറി. 18 സീസണുകള്‍ കിരീടമില്ലാതെ പോയെങ്കിലും വിരാട് കോഹ്ലിയുടെ സാന്നിധ്യം ആര്‍സിബിയുടെ ബ്രാന്‍ഡ് മൂല്യം എപ്പോഴും ഉയര്‍ത്തി നിര്‍ത്തിയിരുന്നു.

ഈ വര്‍ഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കിരീടാഘോഷ വേളയില്‍ ഉണ്ടായ തിക്കിലും തിരക്കിലും നടന്ന അനിഷ്ടസംഭവങ്ങള്‍ക്കു പിന്നാലെ ഫ്രാഞ്ചൈസി വില്‍പ്പനയ്ക്കു പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഉടമസ്ഥര്‍ മിക്കപ്പോഴും വിദൂരദേശത്തായതും കോഹ്ലി കരിയറിന്റെ അന്ത്യത്തിലേക്ക് നീങ്ങുന്നതും പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് സൂചന.

Also read: