ചെങ്കോട്ട സ്ഫോടനം: 3 ഡോക്ടർമാരടക്കം 4 പേരെ എൻഐഎ വിട്ടയച്ചു
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരും ഒരു വളം വ്യാപാരിയും ഉൾപ്പെടെ നാലുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിട്ടയച്ചു. പ്രധാന പ്രതിയുമായി ഇവരെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളോ ഡിജിറ്റൽ വിവരങ്ങളോ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് നടപടി.
ഹരിയാനയിലെ നൂഹിൽ നിന്ന് അറസ്റ്റിലായ ഡോ. റെഹാൻ, ഡോ. മുഹമ്മദ്, ഡോ. മുസ്തഖീം എന്നീ ഡോക്ടർമാരെയും ദിനേശ് സിംഗ്ല എന്ന വളം വ്യാപാരിയെയുമാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എൻഐഎ വിട്ടയച്ചത്.
അറസ്റ്റിലായ ഡോക്ടർമാർക്ക് മുഖ്യപ്രതിയായ ഡോ. ഉമറുന്നബിയുമായി മുൻപ് ബന്ധമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സ്ഫോടക വസ്തുക്കൾക്കായി വളം വ്യാപാരിയിൽ നിന്ന് രാസവസ്തുക്കൾ ശേഖരിച്ചിരുന്നോ എന്നും എൻഐഎ പരിശോധിച്ചു. എന്നാൽ, ഇവരെ കേസിൽ പ്രതി ചേർക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ല.
നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപം കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയും ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഡോക്ടറുമായ ഉമറുന്നബിയാണ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
കേസിൽ ഇതുവരെ മെവാത്തിൽ നിന്ന് ഏഴ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിട്ടയച്ച നാല് പേരെയും എൻഐഎ തുടർന്നും നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.