ചെങ്കോട്ട സ്ഫോടനം: ‘കുറ്റവാളികളെ വെറുതെ വിടില്ല, കഠിന ശിക്ഷ ഉറപ്പാക്കും’- രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നിലുള്ളവര്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും, ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച ‘ഡല്‍ഹി ഡിഫന്‍സ് ഡയലോഗില്‍’ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
അതേസമയം, രാജ്യത്തെയും ഡല്‍ഹിയിലെയും സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മേധാവി തപന്‍ ദേക, ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോള്‍ച്ച, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡയറക്ടര്‍ ജനറല്‍ സദാനന്ദ് വസന്ത് ദേത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.