‘സാനിറ്റൈസർ കുപ്പി അധ്യാപകൻ് കാണിച്ച് ലൈംഗികാവയവത്തിൻ്റെ വലിപ്പം അന്വേഷിച്ചു, 10 വയസുള്ള കുട്ടിയോട് മാഷ് മോളെ കല്യാണം കഴിച്ചോളാം എന്നു പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു’
പാലത്തായി കേസിൽ കൗൺസിലർമാർക്ക് എതിരെ ഗുരുതര കണ്ടെത്തലുമായി കോടതി
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പോക്സോ കേസില്‍ പ്രതിയായ അധ്യാപകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിനൊപ്പം, കേസിന്റെ അന്വേഷണത്തില്‍ നടന്ന ഗുരുതരമായ വീഴ്ചകളെയും അനീതികളെയും അതിശക്തമായി വിമര്‍ശിച്ചുകൊണ്ട് തലശ്ശേരി പോക്സോ അതിവേഗ കോടതി. അതിജീവിതയായ 10 വയസ്സുകാരിയോട് കൗണ്‍സിലര്‍മാര്‍ സ്വീകരിച്ച അനൈതികമായ സമീപനങ്ങളെയും, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരുന്ന മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിലപാടിനെയും വിധിന്യായത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.
അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ കൗണ്‍സിലര്‍മാര്‍ സ്വീകരിച്ച രണ്ട് മനുഷ്യത്വരഹിതമായ നടപടികളെയാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. കോവിഡ് കാലത്ത് കേസ് അന്വേഷണം നടക്കുന്നതിനിടെ, ഒരു കൗണ്‍സിലര്‍ അതിജീവിതയെ ഭയപ്പെടുത്തുന്ന രീതിയില്‍ ഒരു സാനിറ്റൈസര്‍ കുപ്പി കാണിക്കുകയും, പ്രതിയായ അധ്യാപകന്റെ ലൈംഗികാവയവത്തിന്റെ വലിപ്പം അത്രയുണ്ടോ എന്നു ചോദിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി.
ഇരയുടെ താല്‍പ്പര്യങ്ങള്‍ക്കും വ്യവസ്ഥയ്ക്കും വിരുദ്ധമായി കൗണ്‍സിലര്‍മാര്‍ അനുചിതമായി പ്രവര്‍ത്തിച്ചു എന്ന് കോടതി നിരീക്ഷിച്ചു. സാനിറ്റൈസറിനെക്കുറിച്ച് കുട്ടിക്ക് അറിവില്ലെങ്കില്‍ പോലും ഇത് ഓര്മിച്ചെടുക്കാന് സാധ്യതയില്ലെന്ന കോടതിയുടെ കണ്ടെത്തല്‍, കൗണ്‍സിലിംഗ് സമയത്ത് കുട്ടി ക്രൂരമായ അനുഭവങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്കും വിധേയയായി എന്നതിലേക്ക് വിരല്‍ചൂണ്ടുന്നു.
മറ്റൊരവസരത്തില്‍ വിവാഹത്തെക്കുറിച്ചുള്ള കൗണ്‍സിലര്‍മാരുടെ അനാവശ്യ ചോദ്യവും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്: മാഷ് മോളെ കല്യാണം കഴിച്ചോളാം എന്നു പറഞ്ഞിട്ടുണ്ടോ?’ എന്ന ചോദ്യം 10 വയസ്സുള്ള, വിവാഹത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത കുട്ടിയോട് കൗണ്‍സിലര്‍മാര്‍ ചോദിച്ചത് അവരുടെ നിലവാരമില്ലായ്മയെയും കടമകളെക്കുറിച്ചുള്ള അജ്ഞതയെയും സൂചിപ്പിക്കുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. രണ്ടുമാസത്തോളം നിരന്തരമായ കൗണ്‍സിലിങ്ങിനാണ് കുട്ടി വിധേയയായത്. ഈ സെഷനുകളില്‍ അതിജീവിത കൗണ്‍സിലര്‍മാരില്‍ നിന്ന് വലിയ മാനസിക പീഡനം അനുഭവിച്ചതായി കുട്ടിയുടെ അടുത്ത ബന്ധു കോടതിയില്‍ മൊഴി നല്കിയ കാര്യവും വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെയും കോടതിയുടെ വിമര്‍ശനമുണ്ട്. ഇരയുടെ അമ്മ നേരിട്ട് മന്ത്രിക്ക് പരാതി നല്‍കിയിട്ടും, കൗണ്‍സിലര്‍മാര്‍ക്കെതിരെ നിയമപരമായ ഒരു നടപടിയും സ്വീകരിക്കാന്‍ മന്ത്രി മുന്‍കൈയെടുത്തില്ലെന്ന് കോടതി പറഞ്ഞു.
അതിജീവിതയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തുന്നതിലും, അവള്‍ക്ക് ശരിയായ പിന്തുണ നല്‍കുന്നതിലും വീഴ്ച വരുത്തിയ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടായിരുന്നുവെന്നും, അത് നിറവേറ്റുന്നതില്‍ അന്നത്തെ മന്ത്രി പരാജയപ്പെട്ടുവെന്നും വിധിന്യായത്തില്‍ വിമര്‍ശിക്കുന്നുണ്ട്.