‘അഹങ്കാരമായിരുന്നു രാവണന്റെ പതനത്തിന് കാരണം’; ബിജെപിക്കെതിരെ ഒളിയമ്പുമായി ഷിന്‍ഡെ
മുംബൈ: അഹങ്കാരമാണ് ലങ്കാധിപതിയായ രാവണന്റെ പതനത്തിന് കാരണമായതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ. ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷിന്‍ഡെ പ്രസ്താവന നടത്തിയത്. ശിവസേന എംഎല്‍എമാരെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പുരാണത്തിലെ രാവണന്റെ അതേ ദുര്‍ഗതിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദഹാനുവില്‍ സംസാരിക്കുകയായിരുന്നു ഏകനാഥ് ഷിന്‍ഡെ. ‘രാവണന്റെ അഹങ്കാരത്തിനെതിരെ ജനം വോട്ട് ചെയ്യണം. സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യത്തിനുമെതിരെ പോരാടാനാണ് ഞങ്ങള്‍ ഇവിടെ ഒരുമിച്ചിരിക്കുന്നത്,’ ദഹാനു നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശിവസേന സ്ഥാനാര്‍ത്ഥി ഭരത് രാജ്പുട്ടിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേന നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാന്‍ ശ്രമിക്കുന്നുവെന്ന് ഷിന്‍ഡെ നേരത്തെ ആരോപിച്ചിരുന്നു. ബിജെപി നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ തന്റെ പാര്‍ട്ടിയോട് തെറ്റായ സമീപനമാണുള്ളതെന്നും അദ്ദേഹം പരാതി ഉന്നയിച്ചു. ഡല്‍ഹിയിലെത്തി അമിത് ഷായെ നേരില്‍ക്കണ്ടാണ് ഷിന്‍ഡെ ആശങ്ക അറിയിച്ചത്.
എന്നാല്‍, പാര്‍ട്ടി ദേശീയതലത്തിലുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതായാണു വിവരം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലും ഷിന്‍ഡെയ്ക്ക് അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.