SIR തുണയായി; 37 വര്‍ഷം മുന്‍പ് കാണാതായ മകന്‍ വീട്ടില്‍ തിരിച്ചെത്തി!
കൊൽക്കത്ത: 37 വർഷങ്ങൾക്ക് മുമ്പ് കാണാതായ മകനെ തേടിയുള്ള പശ്ചിമ ബംഗാളിലെ പുരുലിയയിലെ ഒരു കുടുംബത്തിന്റെ കാത്തിരിപ്പിന് മധുരമായ അന്ത്യം. വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) ആണ് ഈ അപ്രതീക്ഷിത പുനഃസമാഗമത്തില്‍ വഴിത്തിരിവായത്.
കുടുംബത്തിലെ മൂത്ത മകനായ വിവേക് ചക്രവർത്തി 1988-ലാണ് വീടുവിട്ടുപോയത്. വിവേകിനെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ കുടുംബം പ്രതീക്ഷയറ്റ നിലയിലായിരുന്നു. പ്രദേശത്തെ ബൂത്ത് ലെവൽ ഓഫീസറായ (ബിഎല്‍ഒ) വിവേകിന്റെ ഇളയ സഹോദരൻ പ്രദീപ് ചക്രവർത്തിക്ക് ലഭിച്ച ഒരു ഫോൺ കോളാണ് വഴിത്തിരിവായത്.
വോട്ടർ പട്ടിക പുതുക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമായി വിതരണം ചെയ്ത ഫോമുകളിൽ പ്രദീപിന്റെ ഫോൺ നമ്പർ രേഖപ്പെടുത്തിയിരുന്നു. വോട്ടർ രേഖകൾ സംബന്ധിച്ച സഹായം തേടി ഈ നമ്പറിലേക്ക് വിളിച്ചത് മറ്റാരുമായിരുന്നില്ല, വിവേകിന്റെ മകൻ തന്നെയായിരുന്നു! രേഖകളെക്കുറിച്ചുള്ള അന്വേഷണം, പതിയെ കുടുംബ ചരിത്രത്തിന്റെ ചുരുളഴിച്ചു.
സംഭാഷണത്തിലെ ചെറിയ സൂചനകളിലൂടെ പ്രദീപ്, വിളിച്ചത് തന്റെ മരുമകനാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് 37 വർഷത്തെ മൗനത്തിനുശേഷം സഹോദരങ്ങളായ വിവേകും പ്രദീപും സംസാരിച്ചു.
“ഈ വൈകാരിക നിമിഷം വാക്കുകൾക്കതീതമാണ്. ഞാൻ ഇപ്പോൾ വീട്ടിലുള്ളവരുമായി സംസാരിച്ചു, ഉടൻ തന്നെ എല്ലാവരുടെയും അടുത്തേക്ക് മടങ്ങുകയാണ്,” അതിയായ സന്തോഷം പങ്കുവെച്ച് വിവേക് പറഞ്ഞു. ഈ പുനഃസമാഗമത്തിന് കാരണമായ എസ്ഐആര്‍ നടപടിക്രമത്തിന് നന്ദി അറിയിച്ച വിവേക്, തന്റെ സന്തോഷം അടക്കാനാവുന്നില്ലെന്നും കൂട്ടിച്ചേർത്തു.