‘2 തവണ കരണം മറിഞ്ഞ് പൈലറ്റ് രക്ഷപ്പെടാന്‍ നോക്കി; മൂന്നാം തവണ വിമാനം താഴേക്കു പതിച്ചു തീഗോളമായി’
ദുബൈ: ദുബൈ എയര്‍ഷോയുടെ പരിശീലന പറക്കലിനിടെ തകര്‍ന്ന തേജസ് യുദ്ധവിമാനത്തിന്റെ അപകടത്തില്‍, പൈലറ്റ് വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ അവസാന നിമിഷം രക്ഷപ്പെടാന്‍ നടത്തിയ സാഹസിക ശ്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരിശീലനത്തിനിടെ വിമാനം പൂര്‍ണമായും നിയന്ത്രണം വിട്ട് തകരുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വിമാനം ആകാശത്ത് വെച്ച് രണ്ട് തവണ കരണം മറിയാന്‍ ശ്രമിച്ചതായും അതിനുശേഷം നിയന്ത്രണം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിലം പതിച്ച തേജസ് യുദ്ധവിമാനം തല്‍ക്ഷണം ഒരു തീഗോളമായി മാറി.
വിമാനം നിലംപതിക്കുന്നതിന് തൊട്ടുമുമ്പ്, വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ ജീവന് രക്ഷിക്കാനായി ഇജക്ഷന് ബട്ടണ്‍ അമര്‍ത്തി. എന്നാല്‍, വിമാനം താഴ്ന്ന നിലയിലായിരുന്നതിനാല്‍ നിയന്ത്രണം നഷ്ടപ്പെടുകയോ ബോധക്ഷയമുണ്ടാകുകയോ ചെയ്തിട്ടുണ്ടാകാമെന്ന് പ്രതിരോധ വിദഗ്ധനും റിട്ട. ക്യാപ്റ്റനുമായ അനില്‍ ഗൗര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനമായ തേജസ് വിമാനം തകരാനുണ്ടായ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. നമാംശിന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിച്ചിരുന്നു. സ്വദേശമായ ഹിമാചല്‍ പ്രദേശില്‍ വൈകീട്ടോടെ സംസ്കാരം പൂര്‍ത്തിയായി.