ഇ.വി ഉടമകൾക്ക് സന്തോഷവാർത്ത! ഇന്ത്യയിലുടനീളം ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിക്കാൻ ടെസ്ല
രാജ്യത്തെ ഇലക്ട്രിക് വാഹന(ഇവി) ഉടമകൾക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് ചാർജിങ് സ്റ്റേഷനുകളുടെ ദൗർലഭ്യമാണ്. ദീർഘദൂര യാത്രകളിൽ ചാർജിങ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതും, നിലവിലുള്ള സ്റ്റേഷനുകളിലെ തിരക്കും ഇവി ഉപയോഗിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളികളാണ്. ഈ സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ ജീവിതശൈലിക്ക് അനുയോജ്യമായ വിപുലമായ ചാർജിങ് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയിൽ വികസിപ്പിക്കാൻ പദ്ധതിയിടുന്നതായി ആഗോള ഇവി ഭീമനായ ടെസ്‌ല പ്രഖ്യാപിച്ചു.
ഡൽഹിയിലും മുംബൈയിലും നിലവിൽ സാന്നിധ്യമുള്ള കമ്പനി, പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുകയാണ്. ഇതിനനുസരിച്ച് സൂപ്പർചാർജിങ് ശൃംഖല വികസിപ്പിക്കാനും ഹോംചാർജിങ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്താക്കളുടെ ജീവിതശൈലിക്ക് അനുസൃതമായി എല്ലാ പ്രധാന നഗരങ്ങളെയും ഉൾക്കൊള്ളുന്ന അടിസ്ഥാന സൗകര്യങ്ങളാണ് നിർമ്മിക്കുന്നതെന്ന് ടെസ്‌ല ഇന്ത്യ ജനറൽ മാനേജർ ശരദ് അഗർവാൾ പറഞ്ഞു.
ഗുരുഗ്രാമിലെ ഓർക്കിഡ് ബിസിനസ് പാർക്കിൽ ടെസ്‌ല തങ്ങളുടെ ആദ്യത്തെ ടെസ്‌ല സെന്റർ ആരംഭിച്ചു. റീട്ടെയിൽ വിൽപ്പന, വിൽപ്പനാനന്തര സേവനം, ഡെലിവറി, ചാർജിങ് എന്നിവ ഈ കേന്ദ്രത്തിൽ ലഭ്യമാണ്. നേരത്തെ, മുംബൈയിലും ഡൽഹിയിലും എക്‌സ്പീരിയൻസ് സെന്ററുകൾ തുറന്നിരുന്നു.
ഡൽഹിയിലും മുംബൈയിലുമായി മൂന്ന് സൂപ്പർചാർജറുകളാണ് നിലവിൽ ടെസ്‌ല പ്രവർത്തിപ്പിക്കുന്നത്. ഗുരുഗ്രാം സ്റ്റേഷൻ ഉടൻ പ്രവർത്തനക്ഷമമാകുന്നതോടെ, 16 സൂപ്പർചാർജറുകളും 10 ഡെസ്റ്റിനേഷൻ ചാർജറുകളും ഉൾപ്പെടുന്ന നാല് ചാർജിങ് സ്റ്റേഷനുകൾ ഇന്ത്യയിലുടനീളം ഉണ്ടാകും. സുഗമമായ ഇലക്ട്രിക് വാഹന അനുഭവം ഉറപ്പാക്കാൻ നെറ്റ്‌വർക്ക് വേഗത്തിൽ വളരുമെന്ന് അഗർവാൾ കൂട്ടിച്ചേർത്തു.
അതേസമയം, ടെസ്‌ല മോഡൽ Y (വില 59.89 ലക്ഷം മുതൽ) വിതരണം ഇന്ത്യയിൽ ആരംഭിച്ചു. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിലൂടെ നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ വാഹനത്തിന്റെ വിലയുടെ മൂന്നിലൊന്ന് തിരിച്ചുപിടിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെട്ടു.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വായു മലിനീകരണം കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ടെസ്‌ല പറയുന്നു.