26/01/2026

എല്ലാ കോട്ടകളും തകര്‍ത്തെറിഞ്ഞ തനിയൊരുവന്‍ മംദാനി

 എല്ലാ കോട്ടകളും തകര്‍ത്തെറിഞ്ഞ തനിയൊരുവന്‍ മംദാനി

അമേരിക്കൻ രാഷ്ട്രീയത്തിലെ എല്ലാ വെല്ലുവിളികളെയും തകർത്തെറിഞ്ഞുകൊണ്ടാണ്, സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റിയുടെ ആദ്യ മുസ്‌ലിം മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. 34കാരനായ മംദാനിയുടെ ഈ വിജയം ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയർ എന്നീ അപൂർവതകളും ഈ ജയത്തിൽ ഒത്തുവവന്നു.

​ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് മംദാനി ആവർത്തിച്ച് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി. ഇതിനുപുറമെ, ഗസ്സയിലെ ഇസ്രയേലിൻ്റെ സൈനിക നടപടിയെ അദ്ദേഹം ‘വംശഹത്യ’ എന്ന് പരസ്യമായി വിശേഷിപ്പിച്ചു. ഒക്ടോബർ 7-ലെ ഹമാസ് ആക്രമണങ്ങളെ അപലപിക്കുമ്പോഴും, ഇസ്രയേലിൻ്റെ ആക്രമണം ‘വംശഹത്യ കുറ്റം’ ആണെന്ന അദ്ദേഹത്തിൻ്റെ ശക്തമായ നിലപാട് എതിരാളികൾ വലിയ രാഷ്ട്രീയ ആയുധമാക്കി.

​യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിൻ്റെ പരിവാരങ്ങളും മംദാനിയെ തോൽപ്പിക്കാൻ ആഞ്ഞുപണിയെടുത്തു. അദ്ദേഹത്തെ ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഫെഡറൽ ഫണ്ടുകൾ തടയുമെന്നും മുന്നറിയിപ്പ് നൽകി. ശതകോടീശ്വരന്മാരും കോർപ്പറേറ്റ് സ്ഥാപനങ്ങളും അദ്ദേഹത്തിനെതിരെ കോടിക്കണക്കിന് ഡോളർ വാരിയെറിഞ്ഞു. ഇതിനെല്ലാം പുറമെ, ശക്തമായ ഇസ്‌ലാം വിദ്വേഷ പ്രചാരണങ്ങൾക്കും അദ്ദേഹം ഇരയായി. ഇത്രയും പ്രാതികൂല്യങ്ങളെയെല്ലാം അതിജീവിച്ചാണ് വെറുമൊരു 34കാരൻ ഒറ്റയ്ക്ക് അമേരിക്കയിൽ പുതുചരിത്രം എഴുതിയിരിക്കുന്നത്.

​പ്രശസ്ത ചലച്ചിത്ര സംവിധായിക മീരാ നായരുടെയും ഉഗാണ്ടൻ പണ്ഡിതനായ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ. ഉഗാണ്ടയിൽ ജനിച്ച അദ്ദേഹം ഏഴാം വയസ്സിലാണ് ന്യൂയോർക്കിലെത്തിയത്. ന്യൂയോർക്ക് സിറ്റി നേരിടുന്ന ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുന്നതിലാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ മംദാനി ശ്രദ്ധ കേന്ദ്രീകരിച്ചത്. വാടക മരവിപ്പിക്കൽ, പൊതു ബസുകൾ സൗജന്യമാക്കൽ, സമ്പന്നർക്ക് നികുതി വർദ്ധിപ്പിക്കൽ തുടങ്ങിയ വിപ്ലവകരമായ വാഗ്ദാനങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.

വലിയ രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയില്ലാതെ, ജനകീയ അടിത്തറയിൽ നിന്നുള്ള ഈ മുന്നേറ്റം, ന്യൂയോർക്കിലെ കുടിയേറ്റ സമൂഹത്തിൻ്റെയും തൊഴിലാളി വർഗത്തിൻ്റെയും ശക്തി വിളിച്ചോതുന്നു. എല്ലാ വെല്ലുവിളികളെയും തകർത്തെറിഞ്ഞ് തനിയെ ഒരുവൻ മംദാനി വിജയം നേടിയതിലൂടെ, അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്

Also read: