‘ഒട്ടോമൻ സാമ്രാജ്യത്തിന്റെ വീഴ്ചയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ പടിഞ്ഞാറൻ രാജ്യങ്ങൾ തൊട്ടതെല്ലാം പിഴച്ചു’
അങ്കാറ: പശ്ചിമേഷ്യൻ വിഷയങ്ങളിൽ പാശ്ചാത്യ രാജ്യങ്ങൾ ഇതുവരെ സ്വീകരിച്ച നയങ്ങളെല്ലാം പരാജയമായിരുന്നെന്ന് യു.എസ് തുർക്കി സ്ഥാനപതിയും സിറിയയുടെ പ്രത്യേക ദൂതനുമായ ടോം ബരാക്ക്. ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ പതനത്തിനുശേഷം പാശ്ചാത്യർ നടപ്പാക്കിയ എല്ലാ കാര്യങ്ങളും അബദ്ധമായെന്നും അദ്ദേഹം വിമർശിച്ചു.
ഗോത്രങ്ങൾ, മതപരമായ പശ്ചാത്തലങ്ങൾ തുടങ്ങിയവയ്ക്ക് മുകളിൽ ഒരു കോളനിവൽക്കരണ മാതൃക അടിച്ചേൽപ്പിക്കാനാണ് അവർ ശ്രമിച്ചത്. മേഖലയിൽ സുസ്ഥിരതയും സമാധാനവും സൃഷ്ടിക്കുമെന്ന് പറഞ്ഞ് ഇറങ്ങിയതാണെങ്കിലും, ഫലത്തിൽ കുഴപ്പങ്ങളും അസ്ഥിരതയും മാത്രമാണ് പാശ്ചാത്യ ശക്തികൾ സൃഷ്ടിച്ചത്. ഈ കേന്ദ്രീകൃത ഭരണസംവിധാനങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ബരാക്ക് തുറന്നടിച്ചു.
1919ലെ പാരീസ് ഉടമ്പടി, സാൻ റെമോ ഉടമ്പടി, ഓസ്ലോ ഉടമ്പടി എന്നിവ ഉൾപ്പെടെ പാശ്ചാത്യ മാനകങ്ങൾ അടിച്ചേൽപ്പിച്ചുള്ള ഒരു കരാറും ഫലം കണ്ടില്ല. എന്നാൽ, ഉദാരത നിറഞ്ഞ രാജഭരണകൂടങ്ങളാണ് അവിടെ വിജയിച്ചത്. മതപരവും രാഷ്ട്രീയപരവുമായ താൽപ്പര്യങ്ങളുടെ യോജിപ്പാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ചരിത്രപരമായ പാഠങ്ങൾ ഉൾക്കൊണ്ടാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുപോകുന്നതെന്നും ടോം ബരാക്ക് അവകാശപ്പെട്ടു.