പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ; അരനൂറ്റാണ്ട് പിന്നിടുന്ന ദീപ്ത സ്മരണ
ആത്മീയ-രാഷ്ട്രീയ കേരളത്തിന്റെ ഇതിഹാസമായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ (പി.എം.എസ്.എ പൂക്കോയ തങ്ങൾ) വിയോഗത്തിന് അരനൂറ്റാണ്ട് തികയുന്നു. 1975 ജൂലൈ 6-നായിരുന്നു(ഹിജ്റ 1395 ജുമാദൽ ആഖിറ 26) കേരളത്തിൻ്റെ മതേതര മനസ്സാക്ഷിക്ക് വഴികാട്ടിയായ ആ മഹാമനീഷി വിടപറഞ്ഞത്.
സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷനായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മരണശേഷം മുസ്ലിം ലീഗിന്റെ അമരത്തെത്തിയ പൂക്കോയ തങ്ങൾ, അതിസങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ സമുദായത്തിനും പാർട്ടിക്കും കൃത്യമായ ദിശാബോധം നൽകി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക ഘടകങ്ങളുടെയും വളർച്ചയിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. 1968 മുതൽ എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം, 1973 ഫെബ്രുവരി 24-ന് സമസ്ത മുശാവറ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. സമസ്തയുടെ കക്കാട്, തിരുനാവായ സമ്മേളനങ്ങളുടെ സ്വാഗതസംഘം അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയുടെ പ്രസിഡണ്ട് എന്ന നിലയിലും അദ്ദേഹം സ്തുത്യർഹമായ സേവനം കാഴ്ചവെച്ചു. 1959-ൽ വടകരയിൽ നടന്ന വിദ്യാഭ്യാസ ബോർഡ് സമ്മേളനം ഉദ്ഘാടനം ചെയ്തതും പൂക്കോയ തങ്ങളായിരുന്നു.
പാണക്കാട് കൊടപ്പനക്കൽ തറവാടിനെ അഗതികളുടെയും നിരാലംബരുടെയും ആശ്രയ കേന്ദ്രമാക്കി മാറ്റിയത് പൂക്കോയ തങ്ങളായിരുന്നു. പരശ്ശതം പള്ളി-മദ്റസകളുടെയും അനാഥശാലകളുടെയും ഭാരവാഹിത്വം വഹിച്ചിരുന്ന അദ്ദേഹം, ജാതിമതഭേദമന്യേ ആർക്കും കടന്നുവരാവുന്ന ഒരു ജനകീയ കോടതിയായി സ്വന്തം ഭവനത്തെ മാറ്റിത്തീർത്തു. ലളിതമായ ജീവിതശൈലിയും ഉറച്ച നിലപാടുകളും കൊണ്ട് അദ്ദേഹം ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു.