01/04/2026
[fontresizer_tawhidurrahmandear_widget]

ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ച് കത്തിയമര്‍ന്നത് 67 വാഹനങ്ങള്‍! ദേശീയപാതാ ദുരന്തത്തില്‍ നടുങ്ങി ജപ്പാന്‍

 ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ച് കത്തിയമര്‍ന്നത് 67 വാഹനങ്ങള്‍! ദേശീയപാതാ ദുരന്തത്തില്‍ നടുങ്ങി ജപ്പാന്‍

ദേശീയപാതാ ദുരന്തത്തില്‍ കത്തിയമര്‍ന്ന വാഹനങ്ങള്‍

ടോക്കിയോ: ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് എക്സ്പ്രസ് വേയില്‍ 67 വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ടോക്കിയോയ്ക്ക് വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള കാന്‍-എറ്റ്സു എക്സ്പ്രസ് വേയിലാണ് (Kan-Etsu Expressway) വെള്ളിയാഴ്ച രാത്രി വൈകി അപകടമുണ്ടായത്. അപകടത്തില്‍ നിരവധി വാഹനങ്ങളാണു കത്തിയമര്‍ന്നത്. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗുന്‍മ പ്രവിശ്യയിലെ മിനാകാമി പട്ടണത്തിന് സമീപമാണ് അപകടം നടന്നത്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് റോഡിലുണ്ടായ വഴുവഴുപ്പാണ് അപകടകാരണം. രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതോടെയാണ് അപകട പരമ്പരയുടെ തുടക്കം. പിന്നാലെ വന്ന വാഹനങ്ങള്‍ക്ക് വേഗത നിയന്ത്രിക്കാനാകാതെ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. കാറുകളും ട്രക്കുകളുമടക്കം 67 ഓളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരുപതോളം വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. ടോക്കിയോയില്‍ നിന്നുള്ള 77-കാരിയായ സ്ത്രീയും, കത്തിനശിച്ച ഒരു ട്രക്കിനുള്ളില്‍ നിന്നും കണ്ടെടുത്ത മറ്റൊരാളുമാണ് മരിച്ചത്. പരിക്കേറ്റ 26 പേരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

പുതുവത്സര ആഘോഷങ്ങള്‍ക്കായി നിരവധിപ്പേര്‍ യാത്ര ചെയ്യുന്ന സമയത്താണ് ദുരന്തമുണ്ടായത്. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകടത്തെത്തുടര്‍ന്ന് എക്സ്പ്രസ് വേയുടെ പല ഭാഗങ്ങളും അടച്ചിട്ടിരിക്കുകയാണ്.

Also read: