‘ഇറാന്‍ യുഎസുമായും ഇസ്രയേലുമായും സമ്പൂര്‍ണ യുദ്ധത്തില്‍’; മുന്നറിയിപ്പുമായി മസൂദ് പെസഷ്‌കിയാന്‍
മസൂദ് പെസഷ്കിയാന്‍
തെഹ്റാന്‍: യുഎസ്, ഇസ്രയേൽ, യൂറോപ്പ് എന്നിവരുമായി രാജ്യം സമ്പൂർണ യുദ്ധത്തിലാണെന്ന് (Full-fledged war) ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. 1980-കളിൽ ഇറാഖുമായുണ്ടായ യുദ്ധത്തേക്കാൾ സങ്കീർണവും അപകടകരവുമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ പരമോന്നത നേതാവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പെസഷ്‌കിയാൻ ഇക്കാര്യം വ്യക്തമാക്കിയത്.
“ഇറാൻ സ്വന്തം കാലിൽ നിൽക്കുന്നത് പാശ്ചാത്യ ശക്തികൾക്ക് ഇഷ്ടമല്ല. ഇറാഖുമായുള്ള എട്ടുവർഷത്തെ യുദ്ധത്തേക്കാൾ കടുപ്പമേറിയതാണ് ഇപ്പോഴത്തെ യുദ്ധം. അന്ന് ശത്രുക്കൾ മിസൈലുകൾ അയക്കുമ്പോൾ എവിടെയാണ് തിരിച്ചടിക്കേണ്ടതെന്ന് നമുക്ക് വ്യക്തതയുണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല. സാമ്പത്തികമായും, സാംസ്കാരികമായും, രാഷ്ട്രീയമായും, സുരക്ഷാപരമായും അവർ നമ്മളെ വളഞ്ഞിരിക്കുകയാണ്”, പെസഷ്‌കിയാൻ പറഞ്ഞു.
രാജ്യത്തിന്റെ ഉപജീവനമാർഗങ്ങളെപ്പോലും തകർക്കുന്ന രീതിയിലാണ് ഉപരോധങ്ങളും നീക്കങ്ങളും നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും സൈനികമായും സാങ്കേതികമായും ഇറാൻ പഴയതിനേക്കാൾ ശക്തമാണെന്ന് പെസഷ്‌കിയാൻ അവകാശപ്പെട്ടു. ഉപകരണങ്ങളുടെ കാര്യത്തിലും ഉദ്യോഗസ്ഥരുടെ കാര്യത്തിലും രാജ്യം ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്. അതിനാൽ, ശത്രുക്കൾ ആക്രമിക്കാൻ മുതിർന്നാൽ, സ്വാഭാവികമായും അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അടുത്തയാഴ്ച ഫ്ലോറിഡയിൽ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇറാൻ പ്രസിഡന്റിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. മധ്യപൂർവേഷ്യയിലെ അസ്ഥിരതയ്ക്ക് കാരണം ഇറാനാണെന്ന നിലപാടാണ് അമേരിക്കയും ഇസ്രയേലും ആവർത്തിക്കുന്നത്. ഉപരോധങ്ങളിലൂടെയും നയതന്ത്ര സമ്മർദങ്ങളിലൂടെയും ഇറാനെ വരിഞ്ഞുമുറുക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.