26/01/2026

അഗര്‍ക്കറിനെ ഇറക്കി ‘മധ്യസ്ഥ ചര്‍ച്ച’ നടത്താനുള്ള നീക്കവും പാളി; ഇന്ത്യന്‍ ഡ്രെസിങ് റൂമില്‍ പോര് മുറുകുന്നു

 അഗര്‍ക്കറിനെ ഇറക്കി ‘മധ്യസ്ഥ ചര്‍ച്ച’ നടത്താനുള്ള നീക്കവും പാളി; ഇന്ത്യന്‍ ഡ്രെസിങ് റൂമില്‍ പോര് മുറുകുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ടീമിലെ സൂപ്പർതാരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവരും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതായി റിപ്പോർട്ട്. ടീമിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, കളിക്കാർക്കിടയിലെയും പരിശീലകനുമിടയിലെയും ആശയവിനിമയത്തിലെ വിടവുകൾ ബിസിസിഐക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ടീം മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഈ വിഷയങ്ങൾ പുറത്തുവന്നത്. ഗംഭീറിന്റെ കണിശമായ പരിശീലന രീതികളാണ് പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം എന്നാണ് സൂചന. ടീം ഫസ്റ്റ് എന്ന കടുംപിടിത്തവും, ടീമിൽ സൂപ്പർതാരങ്ങൾ എന്ന പരിഗണന നൽകേണ്ടതില്ല എന്ന ഗംഭീറിന്റെ കർശന നിലപാടും ചില മുതിർന്ന കളിക്കാർക്ക് അതൃപ്തി ഉണ്ടാക്കി.

പ്രതിസന്ധി രൂക്ഷമായതോടെ ബിസിസിഐയിലെ ഉന്നതർ ഉടൻ ഇടപെട്ടു. ആശയവിനിമയത്തിലെ ഈ വിടവ് നികത്താൻ, ആദ്യം ചീഫ് സെലക്ടർ അജിത് അഗാർക്കർ കോഹ്‌ലിയെ നേരിൽ കാണാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ഈ പ്ലാൻ മാറ്റുകയും സെലക്ടർ പ്രഗ്യാൻ ഓജയെ മധ്യസ്ഥനായി അയക്കുകയുമായിരുന്നു.

വിമാനത്താവളത്തിൽ വെച്ച് ഓജയും കോഹ്‌ലിയും തമ്മിൽ നടന്ന ചർച്ചയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ, കോഹ്‌ലി പങ്കെടുക്കാത്ത ഒരു കൂടിക്കാഴ്ചയിൽ രോഹിത് ശർമ്മ ഗംഭീറിനും ഓജക്കുമൊപ്പം സംസാരിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായി. ഇന്ത്യൻ ടീമിലെ സീനിയർ അംഗങ്ങൾക്കിടയിലെ അകൽച്ച ആരാധകർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന നിർണായക മത്സരങ്ങളിൽ ടീമിന്റെ പ്രകടനത്തെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

നിലവിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനായി താരങ്ങളുടെയും പരിശീലകന്റെയും പ്രതീക്ഷകളും ആവശ്യങ്ങളും കൃത്യമായി രേഖപ്പെടുത്തി സമർപ്പിക്കാൻ അജിത് അഗാർക്കറോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Also read: