‘ഒരു ബുള്‍ഡോസര്‍ കൊണ്ടുവന്ന് എന്തും പൊളിച്ചുകളയാമെന്ന് കരുതേണ്ട’; അജ്മീര്‍ ദര്‍ഗയിലെ ബുള്‍ഡോസര്‍ നടപടിയില്‍ ഡല്‍ഹി ഹൈക്കോടതി
ന്യൂഡൽഹി: അജ്മീര്‍ ദര്‍ഗയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിൻ്റെ പേരില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു ബുള്‍ഡോസറുമായി വന്ന് അവിടെയുള്ളതെല്ലാം അങ്ങ് പൊളിച്ചുനീക്കാമെന്ന് കരുതേണ്ടെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്ത കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. നടപടി ബാധിക്കുന്നവരുടെ ഭാഗം കേൾക്കാതെ നടപടിയെടുക്കരുതെന്ന് കോടതി വ്യക്തമാക്കി.
നവംബര്‍ 22-ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസിനെ ചോദ്യം ചെയ്ത് ദര്‍ഗയിലെ ഖാദിം (പുരോഹിതൻ) സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിർണായക ഇടപെടല്‍. ദർഗ കോംപ്ലക്‌സിനുള്ളിലെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു കേന്ദ്രത്തിന്റെ ഉത്തരവ്. എന്നാൽ ഈ ഉത്തരവ് അവ്യക്തമാണെന്നും, ആരെയും അറിയിക്കാതെ പൊളിച്ചുനീക്കൽ നടത്താനാണ് നീക്കമെന്നും ഹരജിക്കാർ ആരോപിച്ചു.
കോടതിയുടെ പ്രധാന നിർദേശങ്ങൾ:
- സ്വാഭാവിക നീതി നിഷേധിക്കരുത്: മുന്നറിയിപ്പില്ലാതെ ബുൾഡോസർ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ബാധിക്കപ്പെടുന്ന കക്ഷികളെ കേള്‍ക്കാതെ ഒരു കെട്ടിടവും പൊളിക്കരുത്.
- നോട്ടീസ് നൽകണം: കൈയേറ്റം എന്ന് സംശയിക്കുന്ന ഓരോ നിർമാണത്തിന്റെയും ഉടമകൾക്ക് വ്യക്തിപരമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം.
- നിയമപരമായി നേരിടണം: മറുപടി നൽകാൻ സമയം അനുവദിക്കുകയും, കൃത്യമായ ഹിയറിങ് നടത്തുകയും വേണം. അതിനുശേഷം മാത്രമേ നിയമപരമായ ഉത്തരവിലൂടെ (Speaking Order) നടപടി സ്വീകരിക്കാവൂ.
ദര്‍ഗ കമ്മിറ്റിയുടെ അഭാവത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് ഏകപക്ഷീയമായി ഇത്തരം സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഫെബ്രുവരി 23-ന് വീണ്ടും പരിഗണിക്കും.