ഡല്‍ഹിയുടെ പ്രിയപ്പെട്ട അസറുവിന്റെ ഓര്‍മകള്‍ക്ക് രണ്ടാണ്ട്
കെ.കെ മുഹമ്മദ് ഹലീം
സെക്രട്ടറി, ഡല്‍ഹി കെഎംസിസി
ഡല്‍ഹി കെഎംസിസി സെക്രട്ടറിയും ഡല്‍ഹി മലയാളികള്‍ക്കിടയില്‍ ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും പ്രിയപ്പെട്ടവനുമായി മാറിയിരുന്ന അസറുദ്ദീന്‍, വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം തികയുകയാണ്. തച്ചനാട്ടുകാര പാലോടിലെ പട്ടിശ്ശേരി വീട്ടില്‍ ഹനീഫയുടെ മകന്‍ അസ്ഹറുദ്ദീന്‍ പാലോട് എന്ന അസറു പനി ബാധിതനായി ചികിത്സയിലായിരിക്കെ ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ചാണ് ലോകത്തോട് വിടപറഞ്ഞത്.
ഉന്നതപഠനത്തിനായി 2019ല്‍ വിദ്യാര്‍ത്ഥിയായി ഡല്‍ഹിയിലെത്തിയ അസറു ചുരുങ്ങിയ നാല് വര്‍ഷം കൊണ്ട് തന്നെ തന്റെ നേതൃപാടവം കൊണ്ടും ഇടപെടലുകള്‍ കൊണ്ടും ഡല്‍ഹിയിലെ മലയാളികളുടെയും മലയാളി വിദ്യാര്‍ത്ഥികളുടെയും മനസ്സില്‍ വലിയ ഇടം നേടി. മറ്റുള്ളവര്‍ക്ക് വേണ്ടി ഓടി നടന്ന ജീവിതം, എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍, ഏത് നേരത്തും ഏത് ആവശ്യത്തിനും വിളിപ്പുറത്തുള്ള പ്രിയ സുഹൃത്ത്… അങ്ങനെ നന്മയുടെ വിശേഷണങ്ങള്‍ ഒട്ടേറെയുള്ള അസറുദ്ദീന്‍ ഡല്‍ഹി മലയാളികള്‍ക്ക് എല്ലാമെല്ലാമായിരുന്നു.
അസാമാന്യ ചടുലതയോടെ ഇടപെടുന്ന ഇടങ്ങളിലെല്ലാം ആര്‍ദ്രതയുടെ അടയാളങ്ങള്‍ ബാക്കി വെക്കുന്ന ഈ ഇരുപത്തിനാലുകാരന്‍ ചെയ്ത് തീര്‍ത്ത സുകൃതങ്ങള്‍ക്ക് കണക്കില്ല. കേരളത്തില്‍ നിന്ന് പഠനാവശ്യാര്‍ത്ഥം ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തമാകാന്‍, പഠനത്തിന് കാശില്ലാത്തവര്‍ക്ക് പഠനസഹായത്തിന്, ഡല്‍ഹിയിലെ സാമൂഹിക സാംസ്‌കാരിക പരിപാടികളിലെ സംഘാടകനായി എന്നിങ്ങനെ ജാമിയ നഗറിലും ജന്തര്‍ മന്തര്‍ റോഡിലുമൊക്കെയായി അസറു അര്‍ഥപൂര്‍ണമായൊരു ജീവിതം ജീവിച്ചു തീര്‍ത്തു.
ഡല്‍ഹി എംഎസ്എഫ് സംസ്ഥാന ട്രഷറര്‍, കെഎംസിസി സെക്രട്ടറി, ഡല്‍ഹി കെഎംസിസി വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍, എസ്‌കെഎസ്എസ്എഫ് ദേശീയ കൗണ്‍സില്‍ അംഗം, KMWA റാപിഡ് റെസ്‌പോണ്‍സ് ടീം ലീഡര്‍, ജാമിഅ സ്മൃതി മലയാളി കൂട്ടായ്മയുടെ മുന്‍ കണ്‍വീനര്‍ തുടങ്ങി പ്രവര്‍ത്തിച്ച മേഖലകളിലൊക്കെയും തന്റെ കയ്യൊപ്പ് ചാര്‍ത്തിയാണ് അസറു യാത്രയായത്.
ഹ്രസ്വകാലം കൊണ്ട് തന്നെ തന്റെ ജീവിതത്തെ മനോഹരമായി അടയാളപ്പെടുത്തിയ
ഒരുപാട് മനുഷ്യര്‍ക്ക് സ്‌നേഹവെളിച്ചമായി മാറിയ തന്റെ ചെറിയ ജീവിതം കൊണ്ട് മാതൃകകള്‍ സൃഷ്ടിച്ച ഊര്‍ജസ്വലനായ ആ ചെറുപ്പക്കാരന്റെ ജീവിതയാത്ര ഡല്‍ഹി കെ.എം.സി.സിയുടെ കാര്‍മികത്വത്തില്‍ ഒരു ഓര്‍മ പുസ്തകമായി പുറത്തിറക്കുകയാണ്. അസറുവിന്റെ ഓര്‍മകള്‍ സംസാരിക്കുന്ന, ആ സ്‌നേഹത്തണലിനെ വരച്ച് കാട്ടുന്ന സ്മരണികയുടെ പ്രകാശനവും അസറു അനുസ്മരണവും 2025 ഡിസംബര്‍ 31ന് ബുധനാഴ്ച്ച വൈകിട്ട് മൂന്നുമണിക്ക് മലപ്പുറം ഭാഷാ സ്മാരക മന്ദിരത്തില്‍ വച്ച് നടത്തപ്പെടുകയാണ്.