പശുവിന് ചിക്കൻ മോമോസ് നൽകി; ഇന്‍ഫ്ളുവന്‍സറെ തല്ലിച്ചതച്ച് തെരുവിലൂടെ നടത്തി ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍
ഗുരുഗ്രാം: ലൈവ് സ്ട്രീമിങ്ങിനിടെ പശുവിന് ചിക്കൻ മോമോസ് നൽകിയെന്നാരോപിച്ച് യുവാവിനെ പരസ്യമായി മർദ്ദിക്കുകയും തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. ഗുരുഗ്രാം ന്യൂ കോളനി സ്വദേശി റിതിക് (28) എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ക്കാണ് ബജ്‌റങ്ദള്‍ പ്രവർത്തകരിൽ നിന്നും ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി പോലീസ് റിതിക്കിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.
ഞായറാഴ്ച ‘പ്രിസം’ ആപ്പിൽ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെയാണ് വിവാദമായ സംഭവം നടന്നത്. മോമോസ് കഴിക്കുന്ന ചലഞ്ച് (Eating challenge) ചെയ്യുകയായിരുന്നു റിതിക്. കഴിച്ചു തീർക്കാൻ കഴിയാതെ വന്നപ്പോൾ, ചിക്കൻ അടങ്ങിയ ബാക്കി വന്ന ഭക്ഷണം ഇയാൾ സമീപത്തുണ്ടായിരുന്ന പശുവിന് നൽകുകയായിരുന്നു.
റിതിക് പശുവിന് ചിക്കൻ നൽകുന്ന ദൃശ്യങ്ങൾ ബജ്‌റങ്ദള്‍ പ്രവർത്തകനായ ചമൻ ഖതാന സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടെ ഗോസംരക്ഷണ പ്രവർത്തകർ സംഘടിച്ചെത്തി. റിതിക്കിന്റെ വീട്ടിലെത്തിയ സംഘം പിതാവിനെ ഭീഷണിപ്പെടുത്തുകയും മകനെ മർദ്ദിക്കുമെന്ന് ആക്രോശിക്കുകയും ചെയ്തു.
തുടർന്ന് റിതിക്കിനെ വീടിന് പുറത്തിറക്കി മർദ്ദിക്കുകയും അച്ഛനൊപ്പം തെരുവിലൂടെ നടത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ അക്രമികൾ തന്നെ മൊബൈലിൽ പകർത്തി. യുവാവിനെക്കൊണ്ട് നിർബന്ധിച്ച് മാപ്പ് പറയിപ്പിക്കുകയും, ലൈവ് വീഡിയോ ചെയ്യാൻ പണം എവിടെ നിന്ന് ലഭിക്കുന്നു എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.
സംഭവം വൻ വിവാദമായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.