28/03/2026
[fontresizer_tawhidurrahmandear_widget]

മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചിട്ട് ജയിച്ചത് 5 സീറ്റിൽ മാത്രം; തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എൻഡിഎ വിടാൻ ബിഡിജെഎസ്

 മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചിട്ട് ജയിച്ചത് 5 സീറ്റിൽ മാത്രം; തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എൻഡിഎ വിടാൻ ബിഡിജെഎസ്

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുപിന്നാലെ എൻഡിഎ മുന്നണി വിടാനൊരുങ്ങി ബിഡിജെഎസ്. ബിജെപിയുടെ നിസ്സഹകരണമാണ് പാർട്ടിയുടെ ദയനീയ പരാജയത്തിന് കാരണമെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. മുന്നണി മാറ്റം ഉൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ഈ മാസം 23ന് ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ചേരും.

ഇത്തവണ മുന്നൂറോളം സീറ്റുകളിൽ മത്സരിച്ച ബിഡിജെഎസിന് കേവലം അഞ്ച് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. എൻഡിഎ പൊതുവെ മുന്നേറ്റമുണ്ടാക്കിയപ്പോഴും ഘടകകക്ഷിയായ ബിഡിജെഎസ് തകർന്നടിയുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ഭരണം പിടിച്ചെങ്കിലും ബിഡിജെഎസ് മത്സരിച്ച നാല് സീറ്റുകളിലും പരാജയപ്പെട്ടു. കൊച്ചിയിൽ സിറ്റിംഗ് സീറ്റിലടക്കം 13 ഇടങ്ങളിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായില്ല. കോഴിക്കോട്ടും സമാനമായ സ്ഥിതിയാണ് ഉണ്ടായത്.

ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിൽ പോലും ബിഡിജെഎസ് സ്ഥാനാർത്ഥികൾക്ക് പിന്തുണ ലഭിച്ചില്ലെന്നതാണ് പ്രധാന പരാതി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിലെ ബിഡിജെഎസിന്റെ സിറ്റിംഗ് സീറ്റ് ബിജെപി ഏകപക്ഷീയമായി ഏറ്റെടുത്തത് പഞ്ചായത്ത് ഭരണം തന്നെ നഷ്ടമാകാൻ കാരണമായി. വിജയസാധ്യതയില്ലാത്ത സീറ്റുകൾ നൽകി തങ്ങളെ ഒതുക്കാൻ ശ്രമിച്ചതായും ബിഡിജെഎസ് ആരോപിക്കുന്നുണ്ട്. 140 മണ്ഡലങ്ങളിൽ നൂറിടത്ത് പോലും അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് പാർട്ടി പ്രവർത്തകരുടെ പരാതി.

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ അവഗണന സഹിച്ച് മുന്നണിയിൽ തുടരാനാകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. വിഷയം പാർട്ടി നേതാക്കൾ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിൽ കണ്ട് അറിയിച്ചിട്ടുണ്ട്. സാമുദായിക പശ്ചാത്തലമുള്ള സംഘടനകളെ അവഗണിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നും ബിഡിജെഎസ് ഓർമ്മിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ എസ്എൻഡിപി നേതൃത്വത്തിന്റെ ഇടപെടലും ഈ വിഷയത്തിൽ ഉണ്ടായേക്കും.

Also read: