31/03/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലിനെതിരായ വംശഹത്യ കേസിൽ കക്ഷി ചേർന്ന് ബെൽജിയവും

 ഇസ്രയേലിനെതിരായ വംശഹത്യ കേസിൽ കക്ഷി ചേർന്ന് ബെൽജിയവും

ഹേഗ്: ഗസ്സയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ ബെൽജിയം ഔദ്യോഗികമായി കക്ഷി ചേർന്നു. ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിപീഠമായ അന്താരാഷ്ട്ര കോടതിയിൽ (ICJ) ഇന്നലെയാണ് ബെൽജിയം ഇടപെടൽ ഹരജി സമർപ്പിച്ചത്. ഇതോടെ സ്‌പെയിൻ, അയർലൻഡ്, മെക്‌സിക്കോ, തുർക്കി, ബ്രസീൽ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേക്ക് ബെൽജിയവും എത്തിയിരിക്കുകയാണ്.

1948ലെ വംശഹത്യ കൺവെൻഷൻ ലംഘിച്ചുകൊണ്ട് ഗസ്സയിലെ ജനതയെ ഇസ്രയേൽ ലക്ഷ്യം വെക്കുന്നു എന്നാണ് ദക്ഷിണാഫ്രിക്കയുടെ വാദം. കേസിൽ അന്തിമ വിധി വരാൻ വർഷങ്ങൾ എടുത്തേക്കാമെങ്കിലും, ഗസ്സയിലെ കൂട്ടക്കുരുതി തടയാനും അടിയന്തര മാനുഷിക സഹായം ലഭ്യമാക്കാനും കോടതി ഇസ്രയേലിനോട് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവുകൾ ലംഘിച്ച് ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്.

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേലിന്റെ സാന്നിധ്യം നിയമവിരുദ്ധമാണെന്ന് ഐസിജെ നിരീക്ഷിച്ചിരുന്നു. എന്നാൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇസ്രയേലിന് സൈനിക സഹായം തുടരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) നടപടിയെയും യുഎസ് എതിർത്തിരുന്നു. സെപ്റ്റംബറിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളിൽ ഒന്നാണ് ബെൽജിയം. നിലവിൽ യുഎൻ അംഗരാജ്യങ്ങളിൽ 80 ശതമാനത്തോളം ഫലസ്തീനെ അംഗീകരിക്കുന്നുണ്ട്.

യുദ്ധം ആരംഭിച്ച ശേഷം ഗസ്സയിൽ മാത്രം ഇതുവരെ 70,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ 10ന് പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും നൂറുകണക്കിന് ആളുകളാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Also read: